മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസവുമായി കെഎസ്ആര്‍ടിസി; ബംഗലൂരുവിലേക്ക് 23, ചെന്നൈയിലേക്ക് എട്ട് അധിക സര്‍വീസുകള്‍

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയർ അവധിക്കാലത്തെ യാത്രാക്ലേശം കണക്കിലെടുത്ത് കൂടുതൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസ് നടത്താൻ തീരുമാനം. ബംഗലൂരുവിലേക്ക് 23 അധിക സർവീസുകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ചെന്നൈയിലേക്ക് എട്ട് അധിക സർവീസുകളും നടത്തും. ബുക്കിങ്ങ് അനുസരിച്ച് കൂടുതൽ സർവീസ് നടത്തുന്ന കാര്യം പരിഗണിക്കും. അവധിക്കാല തിരക്ക് മുതലെടുത്ത് സ്വകാര്യബസുകൾ അമിത നിരക്ക് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയുടെ നടപടി.

നിലവിൽ 49 സർവീസുകളാണ് ബംഗലൂരുവിലേക്ക് കെഎസ്ആർടിസി നടത്തുന്നത്. 23 അധിക സർവീസുകൾ കൂടി നടത്തുന്നതോടെ 72 സർവീസുകളാകും അവധിക്കാലത്ത് കെഎസ്ആർടിസി ബംഗലൂരുവിലേക്ക് നടത്തുക. അവധിക്കാലത്ത് നാട്ടിലെത്താൻ മറുനാടൻ മലയാളികൾക്ക് ഏറെ ആശ്വാസമാകുകയാണ് കെഎസ്ആർടിസിയുടെ നടപടി.

അധികസർവീസുകൾ ഉടൻ തന്നെ ഓടിത്തുടങ്ങുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. സ്വകാര്യബസുകൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

Top