മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ റദ്ദാക്കൽ; റെയിൽവേക്ക് അധിക വരുമാനം 2242 കോടി

ദില്ലി: മുതിർന്ന പൗരന്മാർക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ കേന്ദ്ര റെയിൽവെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.

ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളുകയും തീരുമാനം സർക്കാരിന് വിടുകയും ചെയ്തിരുന്നു. 60 വയസിന് മുകളിൽ പ്രായമുളള പുരുഷൻമാർക്ക് 40 ശതമാനവും 58 വയസ്സിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളിൽ നിരക്കിളവ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത് റദ്ദാക്കിയ ശേഷം റെയിൽവേക്ക് കോടികളുടെ അധിക വരുമാനമാണ് ഉണ്ടായതെന്ന് മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലൂടെ പുറത്തുവന്നു. എട്ട് കോടിയോളം മുതിർന്ന പൗരന്മാരാണ് കഴിഞ്ഞ വർഷം ട്രെയിനുകളിൽ റിസർവേഷനിൽ യാത്ര ചെയ്തത്. അതിൽ നാലര കോടി പുരുഷൻമാരും മൂന്നര കോടി പേർ സ്ത്രീകളുമായിരുന്നു.

മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്കായി റെയിൽവെക്ക് കിട്ടിയത് 5062 കോടി രൂപയാണ്. നിരക്കിളവ് റദ്ദാക്കിയതോടെ അധികമായി അക്കൗണ്ടിൽ വന്ന 2242 കോടി രൂപയും ഇതിൽപ്പെടും. 2020 മാർച്ച് 20നും 2022 മാർച്ച് 31നും ഇടയ്ക്ക് യാത്ര ചെയ്ത ഏഴര കോടിയോളം മുതിർന്ന പൗരന്മാർക്കാണ് റെയിൽവെ നിരക്കിളവ് അനുവദിക്കാതിരുന്നത്. ഇതുവഴി റെയിൽവെക്കുണ്ടായ അധിക വരുമാനം 1500 കോടി രൂപയെന്നും വിവരാവകാശ രേഖ പറയുന്നു.

53 തരം പ്രത്യക നിരക്കിളവാണ് ഇന്ത്യൻ റെയിൽവെയിലുളളത്. പ്രതിവർഷം 2000 കോടിയോളം രൂപയാണ് ഇതിനായി റെയിൽവെ ചെലവഴിച്ചിരുന്നത്. ഇതിൽ 80 ശതമാനവും മുതിർന്ന പൗരന്മാർക്കുള്ളതാണ്. നിരക്കിളവുകൾ പിൻവലിക്കണമെന്ന് വിവിധ സമിതികൾ റെയിൽവെയോട് ശുപാശ ചെയ്തിരുന്നു. പലതും പരിഗണനയിലാണ്.

Top