പാക്കിസ്ഥാനില്‍ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് !

terrorists

ന്യൂഡല്‍ഹി: ഭീകരസംഘടനകളുടെ ഈറ്റില്ലമായി പാക്കിസ്ഥാന്‍ മാറിയെന്നും ജെയ്ഷെ മുഹമ്മദിന്റെ ഒമ്പത് ക്യാമ്പുകളടക്കം പാക്കിസ്ഥാനില്‍മൊത്തം 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. എന്നാല്‍ ഈ കേന്ദ്രങ്ങള്‍ക്കെതിരെ ഒരു നടപടിയും പാക്കിസ്ഥാന്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വാഷിങ്ടണില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ഈ ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നപടി സ്വീകരിച്ചില്ലെങ്കില്‍ ബാലാകോട്ടിന് സമാനമായ സൈനിക നടപടികളെടുക്കേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.പാകിസ്താന്‍ ഭീകരതയുടെ ആഗോള കേന്ദ്രമാണ്. ഭീകരവാദ സംഘടനകള്‍ക്കും ഭീകരവാദികള്‍ക്കുമെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ അടുത്തിടെ പാക്കിസ്ഥാന്‍ നടപടിയെടുത്തെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും അതില്‍ പുതുമയൊന്നുമില്ല. ഇന്ത്യയില്‍ ഓരോ ഭീകരാക്രമണം നടത്തിയ ശേഷവും അവര്‍ നടത്തുന്ന നാടകമാണിത്. ഭീകര നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന് പറഞ്ഞ് ആഡംബര താമസ സൗകര്യമൊരുക്കുന്ന ചുറ്റിത്തിരിയുന്ന വാതില്‍ നയമാണ് പാക്കിസ്ഥാന്റേത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വീട്ടുതടങ്കലിലാക്കി സംരക്ഷണം നല്‍കിയവരെ വിട്ടയക്കുകയും ചെയ്യും.

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ ഒരു പുതിയ തീരുമാനമാണ് എടുത്തിരിക്കുന്നത്.അതിര്‍ത്തി കടന്ന് വരുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും അപ്പപ്പോള്‍ തന്നെ പ്രതികാരം ചെയ്യും. അയല്‍ രാജ്യത്തിന് നല്‍കേണ്ട വില നല്‍കിക്കൊണ്ട് തന്നെയാകും നടപടിയെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top