അഫ്ഗാനില്‍ താലിബാന്‍ ആക്രമണങ്ങള്‍ തുടരുന്നു; തെരഞ്ഞെടുപ്പ് നടത്തരുതെന്ന്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലായി നടന്ന താലിബാന്‍ ആക്രമണത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമണം. ജില്ലാ പൊലീസ് മേധവിയടക്കം കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ ശക്തികളെ തുരത്തുന്നത് ലക്ഷ്യമിട്ട് തന്ത്രപ്രധാന മേഖലകളിലാണ് താലിബാന്‍ ആക്രമണം നടത്തിയിരിക്കുന്നത്. സര്‍ക്കാരിനുള്ള വിദേശ സഹായം ഇതിലൂടെ ഇല്ലാതാക്കാനും ഇസ്ലാമിക് ആശയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സംഘം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മാത്രം 21 ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

താലിബാന്‍ 11 പട്ടാളക്കാരെ തട്ടിക്കൊണ്ടു പോകുകയും സേനയുടെ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് അഫ്ഗാനോട് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 20നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നു എന്നാണ് സംഘടനയുടെ പ്രധാനവാദം.

അഫ്ഗാനില്‍ ഇപ്പോള്‍ നിരന്തരം ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് വാദവുമായി അഫ്ഗാന്‍ സര്‍ക്കാര്‍ നേരത്തെ രംഗത്തു വന്നിരുന്നു. താലിബാന്‍ നേതാക്കള്‍ പാക്കിസ്ഥാനില്‍ സ്വതന്ത്രരായി വിലസുകയാണെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രി വായിസ് അഹമ്മദ് ബര്‍മാക് ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ അവര്‍ പാക്ക് സര്‍ക്കാരിന് കൈമാറിയിരുന്നു.

താലിബാന്റെയും ഹഖാനി നെറ്റ്‌വര്‍ക്കിന്റെയും 27 ഭീകരരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അഫ്ഗാനിസ്ഥാനു കൈമാറിയതായി പാക്ക് ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ജനുവരിയില്‍ മാത്രം ഇരുന്നൂറിലധികം ആളുകളാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം പൊലീസ് കമാന്‍ഡര്‍ക്കെതിരെ തടിച്ചു കൂടിയ ജനക്കൂട്ടത്തിനു നേരെ നടത്തിയ ചീവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top