‘ മയാന്‍ക്’, ഇനി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി

ജയ്പൂര്‍: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി എന്ന പേര് സ്വന്തമാക്കി മയാന്‍ക് പ്രതാപ് സിംഗ്. ജയ്പൂരിലെ മാനസസരോവര്‍ സ്വദേശിയാണ് ഈ ഇരുപത്തിയൊന്നുകാരന്‍.

രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ ആയിരുന്നു മയാന്‍ക് പഠിച്ചത്. ദിവസവും 12 മുതല്‍ 13 മണിക്കൂര്‍ വരെ പഠിച്ചാണ് 2018ലെ രാജസ്ഥാന്‍ ജ്യുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ (ആര്‍ജെഎസ്) ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായതെന്ന് മയാന്‍ക് പറഞ്ഞു. വളരെയധികം സന്തോഷമുണ്ട്. നല്ല വിജയമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഒര നല്ല ജഡ്ജി എന്നാല്‍ സത്യസന്ധനായിരിക്കണം. ബാഹ്യ പ്രലോഭനങ്ങളില്‍ വീഴുകയോ കയ്യൂക്കിനും പണത്തിനും അടിമപ്പെടുകയോ ചെയ്യരുതെന്നും മയാന്‍ക് കൂട്ടിച്ചേര്‍ത്തു.

ഏപ്രിലിലാണ് മയാന്‍ക് അഞ്ച് വര്‍ഷത്തെ നിയമ പഠനം പൂര്‍ത്തിയാക്കിയത്. ശേഷം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു മയാന്‍ക്. ആദ്യ ശ്രമത്തില്‍ തന്നെ മയാന്‍ക് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി വിജയിക്കുകയായിരുന്നു. 2019 ജനുവരിയിലാണ് ആര്‍ജെഎസ് പരീക്ഷയ്ക്ക് വേണ്ട പ്രായം 21 വയസ്സ് ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി ഇറക്കിയത്. ഇതിന് മുമ്പ്, 23 വയസ്സ് ആയിരുന്നു പരീക്ഷയ്ക്ക് വേണ്ട പ്രായം.

Top