സിന്ധ്യയെ പിന്തുണച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണച്ച് കോണ്‍ഗ്രസില്‍ നിന്നും പുറത്തചാടിയ 22 വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വീട്ടിലെത്തിയാണ് എംഎല്‍എമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ജ്യോതിരാദിത്യസിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ 22 എംഎല്‍എമാരും തങ്ങളുടെ രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം താളം തെറ്റി.

വിശ്വാസവോട്ടെടുപ്പ് നടത്താതെ ഭരണം പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിനെ വെട്ടിലാക്കി ബിജെപി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിരിക്കണമെന്ന് കോടതി അന്ത്യശാസനവും നല്‍കി.

വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചതോടെ മധ്യപ്രദേശ് എളുപ്പത്തില്‍ ബിജെപിയുടെ കൈകളിലേക്കെത്താന്‍ വഴിയൊരുങ്ങി. വിമത എംഎല്‍എമാരില്‍ 6 പേരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചിരുന്നു. മറ്റുള്ളവരുടെ രാജി അംഗീകരിക്കാതെ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്ക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍, സുപ്രീംകോടതിയുടെ ഇടപെടലോടെ ആ പ്രതീക്ഷയും ഇല്ലാതാകുകയായിരുന്നു.

Top