ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ക്കുന്നതിടെയുണ്ടായ തീപിടിത്തത്തില്‍ 21 ലക്ഷം രൂപ കത്തിനശിച്ചു

മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ക്കുന്നതിടെയുണ്ടായ തീപിടിത്തത്തില്‍ 21 ലക്ഷം രൂപ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിഷ്ണുനഗറിലെ ദേശസാല്‍കൃത ബാങ്കിന്റെ എ.ടി.എമ്മാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. ഗ്യാസ് കട്ടറില്‍നിന്നുള്ള കനത്ത ചൂടില്‍ എ.ടി.എം മെഷീന് തീപിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 21,11,800 രൂപ കത്തിനശിച്ചതായും മെഷീന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

2023 ഡിസംബറില്‍ ബെംഗളൂരുവിലെ നെലമംഗലയിലും സമാനസംഭവം നടന്നിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകളാണ് കത്തിനശിച്ചത്. എ.ടി.എം. മെഷീന്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഉടമ സംഭവംകണ്ട് പെട്ടെന്നുതന്നെ സ്ഥലത്തേക്ക് ഓടിയടുത്തപ്പോഴേക്കും മോഷണത്തിനുപയോഗിച്ച സാമഗ്രികളടക്കം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയില്‍ രാസിപുരത്ത് സ്വകാര്യ എന്‍ജിനിയറിങ് കോളേജ് വളപ്പിലെ എ.ടി.എമ്മിലെ നോട്ടുകളും മോഷണശ്രമത്തിനിടെ കത്തിനശിച്ചിരുന്നു. 2020 ജൂലൈയിലായില്‍നടന്ന സംഭവത്തില്‍ ആറുലക്ഷം രൂപയോളം കത്തിനശിച്ചിരുന്നു.

Top