കാമ്പസുകളില്‍ നടക്കുന്നത് ഇടതു അരാജകത്വം; പ്രധാനമന്ത്രിയ്ക്ക് വിദ്യാഭ്യാസ വിദഗദ്ധരുടെ കത്ത്

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ വിനാശകരമായ ഇടതുപക്ഷ അജണ്ട പിന്തുടരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസ വിദഗദ്ധര്‍ കത്തയച്ചു. 208 വലത് അനുകൂല അക്കാദമിക് വിദഗ്ധരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ അവസ്ഥയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പടെയുള്ള അക്കാദമിക് രംഗത്തെ പ്രമുഖരാണ് ഇടതു അരാജകത്വമാണ് കാമ്പസുകളില്‍ നടക്കുന്നത് എന്നാരോപിച്ച് കത്തെഴുതിയിരിക്കുന്നത്.ജെഎന്‍യു ക്യാമ്പസില്‍ ജനുവരി അഞ്ചിന് ഉണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. ജെഎന്‍യു മുതല്‍ ജാമിയ വരെയുള്ള സര്‍വകലാശലകളില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ അക്കാദമിക് അന്തരീക്ഷം വഷളാക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

മദ്ധ്യപ്രദേശിലെ ഡോ. ഹരിസിംഗ് ഗൗര്‍ വിശ്വവിദ്യാലയ സാഗര്‍ വി.സി ആര്‍.പി.തിവാരി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബിഹാര്‍ വി.സി എച്ച്.സി.എസ്. റാത്തോഡ്, ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ പായല്‍ മാഗോ, ഹിമാചല്‍ പ്രദേശ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.സുനില്‍ ഗുപ്ത എന്നിവരും കത്തെഴുതിയവരില്‍പ്പെടുന്നു.

വിദ്യാര്‍ത്ഥികളെ മൗലികവാദികളാക്കി മാറ്റുന്നതിലൂടെ സ്വതന്ത്രചിന്തയും ക്രിയാത്മകതയും നശിപ്പിക്കുകയാണ്. ഇത് അറിവിലേക്ക് നയിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുകയാണ്.’- കത്തില്‍ പറയുന്നു. സമരങ്ങള്‍, ധര്‍ണകള്‍, പണിമുടക്കുകള്‍ എന്നിവ ഇടത് ശക്തികേന്ദ്രങ്ങളില്‍ സ്ഥിരമാണെന്നും കത്തില്‍ പറയുന്നു.

ഇതിനിടെ, ജെഎന്‍യു മുഖം മൂടി അക്രമ സംഭവവുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പടെ ഒമ്പത് പേരോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചു. മുഖം മൂടി ആക്രമണങ്ങളില്‍ പ്രതിചേര്‍ത്ത ഏഴ് ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരോടും രണ്ട് എബിവിപി പ്രവര്‍ത്തകരോടുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പെരിയാര്‍ ഹോസ്റ്റലില്‍ ആക്രമണം നടത്തിയ സംഘത്തിനൊപ്പം യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

Top