കേരളത്തില്‍ മൂന്നുമാസത്തിനിടെ ഇടഞ്ഞത് 207 ആനകള്‍ ; കൊല്ലപ്പെട്ടത് 6 പാപ്പാന്‍മാര്‍

ele

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇടഞ്ഞത് 207 ആനകള്‍. കൊല്ലപ്പെട്ടത് ആറു പാപ്പാന്‍മാര്‍. പരുക്കേറ്റ് ചികിത്സയിലായത് 160 ആനകള്‍. ചരിഞ്ഞത് 11 ആനകള്‍. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ അഞ്ചുവരെ വന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക്ഫോഴ്സ് തയ്യാറാക്കിയ കണക്ക് പ്രകാരമാണിത്.

ഏറ്റവും കൂടുതല്‍ ആനകള്‍ ഇടഞ്ഞത് തൃശൂര്‍ ജില്ലയിലാണ്. 52 ആനകളാണ് ഇവിടെ ഇടഞ്ഞത്. തൊട്ടു പിന്നാലെ പാലക്കാട്. 48 ആനകളാണ് പാലക്കാട് ഇടഞ്ഞത്. കടുത്തചൂടും വിശ്രമമില്ലാത്ത എഴുന്നള്ളത്തുകളും നിര്‍ജലീകരണവും പാപ്പാന്മാരുടെ മര്‍ദനവും ആനയിടാന്‍ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടഞ്ഞ ആനയെ മര്‍ദിച്ചൊതുക്കി, അപ്പോള്‍ത്തന്നെ ലോറിയില്‍ കയറ്റി പോകാനാണ് പാപ്പാന്‍മാര്‍ ശ്രമിക്കുന്നത്. കഴിയുന്നതും ഇടച്ചില്‍ പുറംലോകമറിയാതെ നോക്കുകയും അറിഞ്ഞാല്‍ ത്തന്നെ അധികൃതര്‍ എത്തുംമുന്‍പ് പാപ്പാന്‍മാര്‍ ആനയെ മാറ്റുകയും ചെയ്യുന്നു.

ആനയിടഞ്ഞാല്‍ ആനക്കാരും അധികൃതരും എന്തുചെയ്യണമെന്ന് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ആനകളെ എങ്ങനെ പരിപാലിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഇത് അനുസരിക്കാത്തതാണ് ആനയിടച്ചില്‍ കൂടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കേരളത്തിലെ എല്ലാ ആനകളെ സംബന്ധിച്ചും സര്‍ക്കാര്‍ ഡേറ്റാബുക്ക് തയ്യാറാക്കിയിട്ടുണ്ട്. ആന ഇടഞ്ഞാല്‍ ആ ആനയുടെ ഡേറ്റാബുക്കില്‍ ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍ അതില്‍ ആനയുടെ അന്നത്തെ പ്രകടനത്തെക്കുറിച്ച് രേഖപ്പെടുത്തണമെന്നും, ഉടമയെക്കൊണ്ട് ബോണ്ട് എഴുതിവെച്ചിട്ടുവേണം പിന്നീട് ആനയെ വിടാനെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും നടപ്പിലാക്കുന്നില്ല.

കളക്ടര്‍ അധ്യക്ഷനായുള്ള ജില്ലാ എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാനായ കളക്ടര്‍ അറിയാതെ എവിടെയും ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പോ മറ്റു പരിപാടികളോ പാടില്ലയെന്നും ആനയെ ഉപയോഗിക്കുന്നെങ്കില്‍ ആ സ്ഥലത്ത് മൃഗ ക്ഷേമബോര്‍ഡിന്റെ പ്രതിനിധി ഉണ്ടാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ജീവികളെ പൊതു ജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി വേണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ആനയെ എഴുന്നള്ളിക്കാന്‍ കളക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന തഹസില്‍ദാറില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്റെയോ മുന്‍കൂര്‍ അനുമതി കൂടി വാങ്ങണം. എന്നാല്‍ ഇതൊന്നും ആരും അനുസരിക്കുന്നില്ല എന്നതാണ് വാസ്തവം.

എഴുന്നള്ളിക്കുന്ന ആനയുടെ ഉടമ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നല്‍കിയിട്ടുള്ള ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് , ആനയെ കേരളത്തില്‍ രജിസ്റ്റര്‍ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം, എന്നാല്‍ ഇത്തരം നടപടികള്‍ സംസ്ഥാനത്ത് ആരും സ്വീകരിക്കുന്നില്ല. ഇതു തന്നെയാണ് ഇപ്പോഴത്തെ ദുര്യോഗത്തിനു കാരണമെന്നും ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.

Top