2027ഓടെ വാവെയുടെ പങ്ക് പൂര്‍ണമായി കുറയ്ക്കും; നടപടി വിമര്‍ശിച്ച് ചൈന

ലണ്ടന്‍: 5ജി പദ്ധതിയില്‍ നിന്ന് വാവെയെ ഒഴിവാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി ചൈന. ചൈനീസ് കമ്പനിയായ വാവെയെ ഒഴിവാക്കിയ ബ്രിട്ടന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു. ചൈനീസ് കമ്പനികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ കൈകൊള്ളുമെന്ന് വിദേശ കാര്യ വക്താവ് ഹുവാ ചുന്‍യിംഗ് വ്യക്തമാക്കി.

അതേസമയം, ബ്രിട്ടന്റെ നടപടിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി മൈക്ക് പോംപിയോയും രംഗത്തെത്തി. ചൊവ്വാഴ്ചയാണ് 5ജി സാങ്കേതികവിദ്യാ ശൃംഖലയില്‍നിന്നും ചൈനീസ് കമ്പനിയായ വാവെയെ നിരോധിക്കുമെന്ന് ബ്രിട്ടന്‍ ഡിജിറ്റല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്. 2027ഓടെ വാവേയുടെ പങ്ക് പൂര്‍ണമായി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഈ വര്‍ഷം ഡിസംബര്‍ 31ന് ശേഷം കമ്പനിയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും നിരോധനമുണ്ട്.

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കമ്പനിയെ പൂര്‍ണമായി നിരോധിക്കുന്ന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തുമെന്നാണ് ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡൌഡെന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. സെമി കണ്ടക്ടര്‍ സാങ്കേതികവിദ്യ വാവേയ്ക്ക് ലഭ്യമാക്കുന്നതില്‍ യുഎസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 5ജി സാങ്കേതികവിദ്യാ വിതരണരംഗത്ത് കമ്പനിയുടെ ശേഷിയെ കാര്യമായി ബാധിക്കുമെന്നാണ് ബ്രിട്ടന്റെ നിരീക്ഷണം.

എന്നാല്‍ പെട്ടന്ന് കമ്പനിയെ ഒഴിവാക്കുന്നത് 5ജി വിന്യാസത്തെയും സേവനത്തെയും ബാധിക്കുമെന്നതിനാലാണ് ഘട്ടം ഘട്ടമായി നിരോധിക്കുന്നത്. ചൈനയ്ക്കുവേണ്ടി വാവേ ചാരവൃത്തി നടത്തുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് തീരുമാനം.

Top