അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാവുന്ന 2024ലെ പുരുഷ ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ചോര്‍ന്നതായി സൂചന

മുംബൈ: അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാവുന്ന 2024ലെ പുരുഷ ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ചോര്‍ന്നതായി സൂചന. ലോകകപ്പിലെ ടീം ഇന്ത്യയുടെ സാധ്യതാ ഷെഡ്യൂള്‍ സ്‌പോര്‍ട്‌സ് ടാക് പുറത്തുവിട്ടു. സ്‌പോര്‍ട്സ് ടാക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 9ന് ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. പുറത്തുവന്ന മത്സരക്രമം യാഥാര്‍ഥ്യമെങ്കില്‍ ആരാധകര്‍ക്ക് ഒരിക്കല്‍ക്കൂടി അയല്‍ക്കാരുടെ സ്വപ്ന പോരാട്ടം നേരില്‍ കാണാം. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മത്സരക്രമത്തെ കുറിച്ച് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ടി20 ലോകകപ്പിനായി 30 താരങ്ങളെയാണ് ബിസിസിഐ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം ഇതിനകം പ്രകടിപ്പിച്ചത് ടീം തെരഞ്ഞെടുപ്പ് കൂടുതല്‍ കടുപ്പമേറിയതാക്കുന്നു. ഐപിഎല്‍ 2024 പ്രകടനം അടിസ്ഥാനപ്പെടുത്തിയായിരിക്കും ടീം സെലക്ഷന്‍ എന്നാണ് വിവരങ്ങള്‍. രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ആരായിരിക്കും ക്യാപ്റ്റന്‍ എന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല. നിലവില്‍ പരിക്കിന്റെ പിടിയിലാണ് പാണ്ഡ്യ.

ട്വന്റി 20 ലോകകപ്പ് 2024ല്‍ ജൂണ്‍ അഞ്ചാം തിയതി അയര്‍ലന്‍ഡിനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം എന്നാണ് സ്‌പോര്‍ട്‌സ് ടാക്കിന്റെ റിപ്പോര്‍ട്ട്. ജൂണ്‍ 9ന് ബന്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ ഗ്രൂപ്പ് മത്സരമാകും ഇത്. ജൂണ്‍ 12-ാം തിയതി ആതിഥേയരായ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 15ന് ഇന്ത്യ-കാനഡ മത്സരവും നടക്കുമെന്ന് സ്‌പോര്‍ട്‌സ് ടാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മത്സരക്രമം യാഥാര്‍ഥ്യമെങ്കില്‍ ഗ്രൂപ്പ് ഘട്ടം അനായാസം ഇന്ത്യക്ക് കടക്കാം. പാകിസ്ഥാന്‍ മാത്രമാകും വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യത. ജൂണ്‍ 4 മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുക. 20 ടീമുകള്‍ ആദ്യമായി ലോകകപ്പ് വേദിയില്‍ പോരിനിറങ്ങുന്നു എന്നതാണ് പ്രധാന സവിശേഷത. ഇംഗ്ലണ്ടാണ് പുരുഷ ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍.

Top