2023 ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച ചിത്രം; ‘പാരഡൈസ’ കിം ജിസോക്ക് അവാര്‍ഡ്

ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതാനഗേയുടെ ചിത്രം ‘പാരഡൈസ്’ 2023 ലെ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാര്‍ഡ് നേടി. റോഷന്‍ മാത്യു , ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ശ്രീലങ്കന്‍ അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിനോദസഞ്ചാര ദമ്പതികള്‍ അവരുടെ അവധിക്കാലത്ത് നേരിടുന്ന അപ്രതീക്ഷിതമായ സംഭവങ്ങളും അടങ്ങുന്നതാണ് ചിത്രത്തിന്റെ പശ്ചാതലം.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ദക്ഷിണേഷ്യന്‍ സംവിധായകരെ ആഘോഷിക്കുന്ന ഐക്കണ്‍ വിഭാഗത്തിലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലും ‘പാരഡൈസ്’ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍ സിനിമയിലെ മികച്ച ചിത്രങ്ങള്‍ക്ക് നല്‍കി വരുന്ന ‘നെറ്റ്പാക്’ പുരസ്‌കാരം അഞ്ചു തവണ നേടിയ ഏക സംവിധായകനാണു ശ്രീലങ്കന്‍ സ്വദേശിയായ പ്രസന്ന വിത്താനഗെ. 28 വര്‍ഷം മുന്‍പ് ആദ്യമായി തന്റെ ചിത്രം ബുസാന്‍ ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുത്തത് കിം ആയിരുന്നു എന്നും , ഏഷ്യയില്‍ നിന്നുള്ള എല്ലാ ചലച്ചിത്രകാരന്മാരുടെയും അടുത്ത സുഹൃത്തായിരുന്നു കിം ജിസോക്ക് എന്നും അദ്ദേഹം അനുസ്മരിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റോ ചിറ്റിലപ്പള്ളിയോടും, നിര്‍മ്മാണ കമ്പനിയായ ന്യൂട്ടണ്‍ സിനിമയോടും, ചിത്രം അവതരിപ്പിക്കുന്ന മണിരത്‌നത്തോടും മദ്രാസ് ടാക്കീസിനോടും, പാരഡൈസിന്റെ അണിയറപ്രവര്‍ത്തകരോടും നന്ദി അറിയിച്ചു കൊണ്ടാണു പ്രസന്ന വിത്താനഗെ പുരസ്‌കാര വാര്‍ത്തയോട് പ്രതികരിച്ചത്.

സാമൂഹിക സാമ്പത്തിക അസ്ഥിരതകള്‍ തുടര്‍ക്കഥയാകുന്ന സ്വര്‍ഗതുല്യമായ ഒരു നാട്ടില്‍ ആണ്‍-പെണ്‍ ബന്ധങ്ങളുടെ പുനര്‍വിചിന്തനങ്ങളും ഇതിഹാസങ്ങളുടെ പുനര്‍വായനകളും സംഭവിക്കുമ്പോഴാണു ‘പാരഡൈസ്’ പോലുള്ള സൃഷ്ടികളുണ്ടാകുന്നതെന്നു പ്രശസ്ത സംവിധായകനും, മദ്രാസ് ടാക്കീസിന്റെ അമരക്കാരനുമായ മണിരത്‌നം അഭിപ്രായപ്പെട്ടു. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന പാരഡൈസിന്റെ, ചിത്രസംയോജനം ശ്രീകര്‍ പ്രസാദാണ്. ”കെ” സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിനു ശബ്ദസന്നിവേശം ചെയ്തിരിക്കുന്നത് തപസ് നായ്ക് ആണ്.

Top