സൂപ്പര്‍ ബൈക്കുകള്‍ എന്നു കേട്ടാല്‍ തന്നെ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഡ്യുക്കാട്ടിയോ, കവസാക്കിയോ എന്നൊക്കെയാവാം. എന്നാല്‍ ഈ വിഭാഗത്തില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് ബവേറിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു.
ഇപ്പോള്‍ സൂപ്പര്‍ ബൈക്കുകളിലെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന S1000RR മോഡലിന്റെ പുതിയ 2023 മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ബിഎംഡബ്ല്യു ഇപ്പോള്‍. സ്പോര്‍ട്സ് ബൈക്കിന് കോസ്മെറ്റിക്, മെക്കാനിക്കല്‍, ടെക് അപ്ഡേറ്റുകള് നല്‍കിയാണ് ബ്രാന്‍ഡ് കൊണ്ടുവരുന്നത്.
കിടിലന്‍ പെര്‍ഫോമന്‍സും സാങ്കേതികവിദ്യകളും കൊണ്ട് സ്വന്തമായി ഫാന്‍ബേസുണ്ടാക്കിയെടുത്ത S1000RR, പുതിയ പതിപ്പില്‍ കൂടുതല്‍ മിടുക്കനായെന്നു വേണം പറയാന്‍. ഡിസൈനിലെ മാറ്റങ്ങളിലേക്ക് നോക്കിയാല്‍ ഷാര്‍പ്പ് ബോഡി വര്‍ക്കുകളും ചെറിയ ഹെഡ്ലൈറ്റുകളും ഉപയോഗിച്ച് പഴയ ആക്രമണാത്മക ഡിസൈന്‍ ഭാഷ്യം നിലനിര്‍ത്താനും കമ്പനിക്കായിട്ടുണ്ട്.
എന്നാല്‍ ബിഎംഡബ്ല്യു ഇപ്പോള്‍ ശ്രേണിയിലുടനീളം വിംഗ്ലെറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രാന്‍ഡ് പറയുന്നതനുസരിച്ച്, വിംഗ്ലെറ്റുകള്‍ 10 കിലോ ഡൗണ്‍ഫോഴ്സ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ മികച്ച എയറോഡൈനാമിക്സിനായി മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡിന് അല്‍പ്പം ഉയരം കൂടുതല്‍ നല്‍കിയിട്ടുമുണ്ട്.
2023 ബിഎംഡബ്ല്യു S1000RR-ന്റെ മെക്കാനിക്കല്‍ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാല്‍ റൈഡറിനെ അടിസ്ഥാനമാക്കി സ്വിംഗ്ആമിനായി ഒരു പുതിയ അഡ്ജസ്റ്റ് ചെയ്യാവുന്ന പിവറ്റ് തെരഞ്ഞെടുക്കാനാവും. അതേസമയം പഴയ മോഡലിലെ 45 ടീത്തിനെ അപേക്ഷിച്ച് പിന് സ്പ്രോക്കറ്റിന് ഇപ്പോള്‍ 46 ടീത്തുകള്‍ ലഭിക്കുന്നുണ്ട്.
എന്നാല്‍ എഞ്ചിനിലാണ് ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. 999 സിസി ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിന് ഇപ്പോള്‍ 206.7 bhp കരുത്ത് വരെ നല്കാന് ശേഷിയുള്ളതാണ്. ഇത് പഴയ മോട്ടോര്‍സൈക്കിളിനെ അപേക്ഷിച്ച് 2 bhp കൂടുതല്‍ നല്കുന്നു. ബിഎംഡബ്ല്യുവിന്റെ ഷിഫ്റ്റ്ക്യാം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.