ഉടൻ വരുന്നൂ കൂടുതൽ മൈലേജുള്ള ബജാജ് ചേതക്ക്

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ രാജ്യത്ത് അവതരിപ്പിക്കാൻ ബജാജ് ഓട്ടോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുറത്തു വന്ന ടൈപ്പ്-അപ്രൂവൽ ഡോക്യുമെന്റ് അനുസരിച്ച്, 2023 ബജാജ് ചേതക്ക് ഓട്ടോമേറ്റഡ് ട്രാൻസ്‍മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ എത്തിക്കുന്ന അതേ 3.8kW/4.1kW ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 24.5 കിലോഗ്രാം ഭാരമുള്ള ഒരു ലിഥിയം-അയൺ ബാറ്ററി പാക്കിൽ നിന്നാണ് മോട്ടോർ അതിന്റെ പവർ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി 283 കിലോഗ്രാം ആയിരിക്കും വാഹനത്തിന്റെ മൊത്തം ഭാരം.

ഒറ്റ ചാർജിൽ 108 കിലോമീറ്റർ റേഞ്ച് പുതിയ ചേതക് വാഗ്ദാനം ചെയ്യുമെന്നും പുറത്തുവന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. നിലവിലുള്ള മോഡൽ ഇക്കോ, സ്‌പോർട്‌സ് മോഡുകളിൽ യഥാക്രമം 90 കിലോമീറ്ററും 80 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതിന്റെ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്തില്ല. പുതിയ 2023 ബജാജ് ചേതക്ക് 1894 എംഎം നീളവും 725 എംഎം വീതിയും 1132 എംഎം ഉയരവും 1330 എംഎം വീൽബേസുമായി തുടരും.

ഇതിന്റെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ ഫുൾ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ കൺസോൾ, ‘ഫീച്ചർ-ടച്ച്’ സ്വിച്ച് ഗിയർ, ട്യൂബ്‌ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകൾ, നാല് എൽ ഗ്ലോവ് ബോക്സ്, കീലെസ് ഫംഗ്‌ഷണാലിറ്റി, 18 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയുമായാണ് പുതിയ ചേതക് വരുന്നത്. വെല്ലുട്ടോ റോസ്സോ, ബ്രൂക്ലിൻ ബ്ലാക്ക്, ഇൻഡിഗോ മെറ്റാലിക്, ഹേസൽ നട്ട് എന്നീ നിലവിലുള്ള കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് സ്‍കൂട്ടർ വാഗ്‍ദാനം ചെയ്യുന്നത്.

പുതിയ 2023 ബജാജ് ചേതക്കിന്റെ വിലകൾ നിലവിലെ മോഡലിന് സമാനമോ കുറവോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തേത് 1.46 ലക്ഷം രൂപ വിലയുള്ള പ്രീമിയം വേരിയന്റിൽ ലഭ്യമാണ്.

Top