2023 ഏഷ്യാകപ്പ്: രാഹുലിന് പകരം ഇഷാന്‍ കിഷന് സാധ്യത

പല്ലെക്കെലെ: 2023 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. കെ.എല്‍.രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് കിഷന് വഴി തെളിഞ്ഞത്. ടീമില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ട മലയാളിതാരം സഞ്ജു സാംസണ്‍ കളിച്ചേക്കില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ ഇഷാന്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. താരം നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇഷാന്‍ കളിച്ചാല്‍ സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങും. സെപ്റ്റംബര്‍ രണ്ടിനാണ് പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം. നാലിന് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ നേരിടും.

ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയുമായിരിക്കും അണിനിരക്കുക. മൂന്നാമനായി വിരാട് കോലിയും വരും. നാലാം നമ്പറിലാണ് ഇന്ത്യയുടെ ആശങ്ക. ശ്രേയസ് അയ്യര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ താരവും കളിക്കില്ല. സൂര്യകുമാര്‍ യാദവോ ഇഷാന്‍ കിഷനോ ആയിരിക്കും ഈ പൊസിഷനില്‍ കളിക്കുക. എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ താളം കണ്ടെത്താന്‍ സൂര്യകുമാറിന് സാധിച്ചിട്ടില്ല. പക്ഷേ രാഹുലില്ലാത്ത പക്ഷം സൂര്യകുമാറിനെ നാലാം സ്ഥാനത്തും ഇഷാനെ അഞ്ചാമനാക്കിയും ഇറക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

Top