2022 ലോകകപ്പിനെത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ ഉറപ്പാക്കുമെന്ന് ഖത്തര്‍

2022 ലോകകപ്പിനെത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ ഉറപ്പാക്കുമെന്ന് ഖത്തര്‍. കോവിഡ് പശ്ചാത്തലത്തില്‍ 2022 ഫുട്ബോൾ ലോകകപ്പിന്‍റെ സംഘാടനം ഏത് വിധമായിരിക്കുമെന്ന ചര്‍ച്ചകള്‍ കായിക ലോകത്ത് സജീവമാകുന്നതിനിടെയാണ് ഖത്തറിന്‍റെ പ്രതികരണം. ടൂര്‍ണമെന്‍റിനെത്തുന്ന മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നും കോവിഡ് മുക്ത ലോകകപ്പിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാൻ അല്‍ത്താനി വ്യക്തമാക്കി.

കോവിഡ് വാക്സിന്‍ വിതരണ കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ പങ്കാളിത്തത്തോടെ നടക്കുന്ന റെയ്സിന ഡയലോഗ് കോൺഫറൻസിൽ സംസാരിക്കവെയാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പങ്കെടുത്തവര്‍ക്കെല്ലാം കോവിഡ് വാക്സിന്‍ നല്‍കിയാണ് ഇക്കഴിഞ്ഞ മാസം മോട്ടോ ജി.പി റേസിങ് ചാംപ്യന്‍ഷിപ്പിന് ഖത്തര്‍ ആതിഥ്യമരുളിയത്.

 

Top