2022 World Cup in Qatar -stadium

ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ലോക കപ്പിന് വേണ്ടിയുള്ള മുഴുവന്‍ സ്റ്റേഡിയങ്ങളും 2020 ഓടെ പൂര്‍ത്തിയാകുമെന്ന് ലോക കപ്പ് ഓര്‍ഗനൈസിഗ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ തവാദി പറഞ്ഞു.

ഖത്തര്‍ ലോക കപ്പ് എല്ലാ നിലക്കും മികച്ചതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 2022 പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് 23 ബില്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്നതായും സവാദി വ്യക്തമാക്കി.

സാങ്കേതിക വിദ്യയടക്കമുള്ള രാജ്യത്തിന്റെ വിപുലമായ വികസനമാണ് ഇതിനോടൊപ്പം നടക്കുക. ലോക കപ്പിന് വേണ്ടി നേരിട്ടുള്ള സൗകര്യം ഒരുക്കുന്നതിന് പുറമെ അനുബന്ധ സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്രയും വലിയ ബജറ്റ് നീക്കിവെച്ചത്. രാജ്യത്തിന്റെ വികസനത്തിനായിരിക്കും കൂടുതല്‍ പദ്ധതിയും ഉപയോഗപ്പടുക.

സാധാരണ ഗതിയില്‍ ലോക കപ്പിന് വേണ്ടി മാത്രം സജ്ജമാക്കുന്ന സംവിധാനങ്ങള്‍ പിന്നീട് ഉപയോഗപ്പെടാതെ പാഴാക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ഖത്തറില്‍ നിര്‍മിക്കുന്ന മുഴുവന്‍ പദ്ധതികളും രാജ്യത്തിന് പിന്നീട് ഉപയോഗപ്പെടുന്ന തരത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റേഡിയങ്ങള്‍ പിന്നീട് കളികള്‍ക്ക് വേണ്ടിയോ രാജ്യത്തിന്റെ മറ്റ് വികസന പദ്ധതികള്‍ക്ക് വേണ്ടിയോ ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സാംസ്‌ക്കാരിക വകുപ്പിന് പുറമെ വിദ്യാഭ്യാസ വകുപ്പുമായും ഇക്കാര്യത്തില്‍ പ്രത്യേക ധാരണയിലെത്തുമെന്ന് തവാദി അറിയിച്ചു.

Top