പുതിയ നിറങ്ങളില്‍ 2022 കാവസാക്കി നിന്‍ജ 650 വിപണിയില്‍

ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിര്‍മാതാക്കളായ കാവസാക്കിയുടെ ഇന്ത്യന്‍ നിരയിലെ ഫുള്‍ ഫെയേര്‍ഡ് ബൈക്കുകളില്‍ പ്രധാനിയായ നിന്‍ജ 650യുടെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി. 2022 കാവസാക്കി നിന്‍ജ 650 എന്ന പേരുമായി വിപണയിലെത്തിയിരിക്കുന്ന പുത്തന്‍ നിന്‍ജ 650യ്ക്ക് പേള്‍ റോബോട്ടിക് വൈറ്റ്, ലൈം ഗ്രീന്‍ എന്നീ പേരുകളില്‍ അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ നിറങ്ങളാണ് പുതുമ നല്‍കുന്നത്.

2022 കാവസാക്കി നിന്‍ജ 650യ്ക്ക് 6.61 ലക്ഷം ആണ് എക്സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന നിന്‍ജ 650യെക്കാള്‍ 7,000 രൂപ മാത്രമാണ് 2022 കാവസാക്കി നിന്‍ജ 650യ്ക്ക് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കും വിധം നിന്‍ജ 650 പരിഷ്‌കരിച്ചു പുറത്തിറക്കിയപ്പോള്‍ 50,000 രൂപയോളമാണ് കാവസാക്കി വര്‍ദ്ധിപ്പിച്ചിരുന്നത്.

അതെ സമയം പുത്തന്‍ നിറങ്ങളും, വില കൂടിയതും മാറ്റി നിര്‍ത്തിയാല്‍ 2022 കാവസാക്കി നിന്‍ജ 650യില്‍ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല എന്നത് നിരാശാജനകമായ കാര്യമാണ്. നേക്കഡ് പതിപ്പായ Z650-യെ ചലിപ്പിക്കുന്ന 649 സിസി പാരലല്‍-ട്വിന്‍ എന്‍ജിന്‍ തന്നെയാണ് നിന്‍ജ 650-യിലും.

ബിഎസ്4 നിന്‍ജ 650-യുമായി താരതമ്യം ചെയ്യുമ്പോള്‍ ടോര്‍ക്ക് 1.7 എന്‍എം കുറഞ്ഞിട്ടുണ്ട്. പവര്‍ മാറ്റമില്ലാതെ 67.2 ബിഎച്പിയില്‍ തുടരുന്നു. 6-സ്പീഡ് ഗിയര്‍ബോക്സ് തന്നെയാണ് പുത്തന്‍ നിന്‍ജ 650-യിലും. പരിഷ്‌ക്കരിച്ച എക്‌സ്‌ഹോസ്റ്റ്, എയര്‍ബോക്സ് എന്നിവയും പുത്തന്‍ നിന്‍ജ 650-യുടെ ഭാഗമാണ്. ഡണ്‍ലപ്പ് സ്പോര്‍ട്മാക്‌സ് റോഡ്‌സ്‌പോര്‍ട്ട് 2 ടയറുകളാണ് 2022 കാവസാക്കി നിന്‍ജ 650യെ ചലിപ്പിക്കുന്നത്.

അഗ്രെസ്സിവ് മുഖഭാവം നല്‍കുന്ന റീഡിസൈന്‍ ചെയ്ത ഫെയറിംഗും സ്പ്ലിറ്റ് ഫുള്‍-എല്‍ഇഡി ഹെഡ്‌ലൈറ്റുകളുമാണ് നിന്‍ജ 650-യുടെ ആകര്‍ഷണം. റൈഡര്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന വലിപ്പമേറിയ ഇന്ധന ടാങ്കും പുത്തന്‍ നിന്‍ജ 650-യുടെ പ്രത്യേകതകളാണ്.

ബ്ലൂടൂത്ത് എനേബിള്‍ഡ് ആയ 4.3 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്പ്ലേയാണ് നിന്‍ജ 650-യുടെ മറ്റൊരു ആകര്‍ഷണം. കവാസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാം. ബൈക്കിനെപ്പറ്റിയുള്ള സകല വിവരങ്ങളും റൈഡിങ് ഡാറ്റയും ഈ ആപ്പ് നല്‍കും.

 

Top