ക്രോസ്ഹാച്ച് ലുക്കില്‍ 2021 ടാറ്റ ടിയാഗോ NRG വിപണിയില്‍

ടാറ്റ മോട്ടോഴ്‌സിന്റെ വാഹന ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള ഹാച്ച്ബാക്ക് ആയ ടിയാഗോയുടെ ക്രോസ്സോവര്‍ ലുക്കുള്ള പതിപ്പായിരുന്നു NRG. 2018 മുതല്‍ 2020 വരെ വിപണിയിലുണ്ടായിരുന്ന ടിയാഗോ NRG കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ഹാച്ച്ബാക്കിന്റെ ഫേസ്-ലിഫ്റ്റ് അവതരിപ്പിച്ചപ്പോള്‍ പിന്‍വലിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിനിപ്പുറം പരിഷ്‌ക്കരിച്ച ടിയാഗോ NRG വിപണിയിലെത്തി. എല്ലാ ഫീച്ചറുകളും നിറഞ്ഞ ഒരൊറ്റ പതിപ്പില്‍ മാന്വല്‍, ഓട്ടോമാറ്റിക് പതിപ്പുകളില്‍ 2021 ടാറ്റ ടിയാഗോ NRG വാങ്ങാം. പുത്തന്‍ ടിയാഗോ NRGയുടെ മാന്വല്‍ പതിപ്പിന് 6.57 ലക്ഷവും, ഓട്ടോമാറ്റിക് പതിപ്പിന് 7.09 ലക്ഷവുമാണ് എക്സ്-ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് ടിയാഗോ XZ+ വേരിയന്റിലേക്കാള്‍ 23,000 രൂപ വരെ കൂടുതലാണ്

ക്രോസ്സ്ഹാച്ച് ഡിസൈന്‍ ആണ് ആണ് ടിയാഗോ NRGയുടെ ആകര്‍ഷണം. കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ചെത്തിയ സ്റ്റാന്‍ഡേര്‍ഡ് ടിയാഗോ മോഡലിന് സമാനമായി പരിഷ്‌കരിച്ച ഹെഡ്‌ലാംപ്, ഗ്രില്‍ എന്നിവയാണ് പുത്തന്‍ NRG പതിപ്പിലെ പ്രകടമായ മാറ്റം. ഒപ്പം റീഡിസൈന്‍ ചെയ്ത മുന്‍, പിന്‍ ബമ്പറുകള്‍, ഫോക്‌സ് സ്‌കിഡ് പ്ലെയ്റ്റുകള്‍, കറുപ്പ് നിറത്തിലുള്ള പ്ലാസ്റ്റിക് ബോഡി ക്ലാഡിങ്ങുകള്‍, ടെയില്‍ ഗെയ്റ്റില്‍ കറുത്ത പ്ലെയ്റ്റിങ്, ഫോക്സ് റൂഫ് റെയില്‍ എന്നിവയാണ് ആകര്‍ഷണങ്ങള്‍. ഡോര്‍ ഹാന്‍ഡ്‌ലുകള്‍, റിയര്‍ വ്യൂ മിറര്‍, ഡി-പില്ലര്‍, റൂഫ് എന്ന്‌നിവിടങ്ങളില്‍ കറുപ്പ് നിറം പൂശി കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് വരുത്തിയിട്ടുണ്ട്.

15-ഇഞ്ച് അലോയ് വീലുകളും, 181 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും (സ്റ്റാന്‍ഡേര്‍ഡ് ടിയാഗോയെക്കാള്‍ 11 എംഎം കൂടുതല്‍) പുതിയ ടിയാഗോ NRGയിലുണ്ട്. ഫോറസ്റ്റ ഗ്രീന്‍, സ്‌നോ വൈറ്റ്, ക്ലൗഡി ഗ്രേ, ഫയര്‍ റെഡ് എന്നിങ്ങനെ നാല് നിറങ്ങളില്‍ ടിയാഗോ NRG വാങ്ങാം.

ഡാഷ്ബോര്‍ഡിന്റെ ഘടന സ്റ്റാന്‍ഡേര്‍ഡ് ടിയാഗോയ്ക്ക് സമാനമാണ്. ഡാഷ്‌ബോര്‍ഡും സീറ്റുകളും കറുപ്പില്‍ പൊതിഞ്ഞിരിക്കുന്നു. അതെ സമയം എസി വെന്റുകള്‍ക്ക് ചുറ്റും, ഗിയര്‍ ലിവര്‍ അസ്സെംബ്ലിയ്ക്കും നല്‍കിയിരിക്കുന്ന വ്യത്യസ്ത നിറം രസകരമാണ്. ഉയര്‍ന്ന വേരിയന്റ് ആയതുകൊണ്ട് തന്നെ ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, പവര്‍ വിന്‍ഡോകള്‍, പവര്‍ ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ ഫീച്ചറുകളെല്ലാം ടിയാഗോ NRGയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീലെസ് എന്‍ട്രി എന്നീ ഫീച്ചറുകളും ടിയാഗോ NRGയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതെ സമയം ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം ഒഴിവാക്കി. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഡേ-നൈറ്റ് റിയര്‍ വ്യൂ മിറര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

86 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പെട്രോള്‍ എന്‍ജിന്‍ ആണ് ടിയാഗോ NRGയുടെയും ഹൃദയം. 5-സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. മാരുതി സുസുക്കി സെലേറിയോ എക്സ് ഇപ്പോള്‍ വിപണിയിലില്ലാത്തതിനാല്‍ ടിയാഗോ NRGയ്ക്ക് ഇപ്പോള്‍ നേരിട്ട് എതിരാളികള്‍ ഇല്ല. അതെ സമയം വിലക്കുറവുള്ള റെനോ ക്വിഡ് ക്ലൈമ്പര്‍ എഡിഷന്‍ ചെറിയ രീതിയില്‍ മത്സരം സൃഷ്ടിക്കും.

 

Top