2021 മിനി ശ്രേണി ഇന്ത്യയിലേക്ക്

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ മിനി ഇന്ത്യ തങ്ങളുടെ 2021 കാര്‍ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പുതിയ കാറുകളാണ് മിനി ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ആള്‍ ന്യൂ മിനി 3- ഡോര്‍ ഹാച്ച്, ആള്‍ ന്യൂ മിനി കണ്‍വേര്‍ട്ടബിള്‍, ആള്‍ ന്യൂ മിനി ജോണ്‍ കൂപര്‍ വര്‍ക് ഹാച്ച് എന്നിവയാണ് ഈ വാഹനങ്ങള്‍.

ഇവക്ക് യഥാക്രമം 38 ലക്ഷം, 44 ലക്ഷം, 45.5 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വിലകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ആഗോള വിപണിയില്‍ എത്തിയ മോഡല്‍ ആണ് ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പരിഷ്‌ക്കരിച്ച ഗ്രില്‍ ആണ് 2021 മിനി മോഡലുകളുടെ പ്രധാന ആകര്‍ഷണം. ഗ്രില്ലിന്റെ ഡിസൈന്‍ ബമ്പറിന്റെ അടിഭാഗം വരെ നീണ്ടു നികുന്നതാണ്. ബമ്പര്‍ റീഡിസൈന്‍ ചെയ്ത് കൂടുതല്‍ സ്‌പോര്‍ട്ടിയാക്കി. ഇത് മുന്‍ കാഴ്ച്ചയില്‍ പുതുമ നല്‍കുന്നു. 3-ഡോര്‍, കണ്‍വര്‍ട്ടിബിള്‍ പതിപ്പുകളുടെ ഗ്രില്‍ ക്രമീകരിച്ചിരിക്കുന്നത് ബോഡി കളറുള്ള ബമ്പര്‍ ഭാഗങ്ങള്‍ അകത്ത് വരും വിധമാണ്, എന്നാല്‍ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് പതിപ്പില്‍ പൂര്‍ണമായും കറുപ്പില്‍ പൊതിഞ്ഞ മെഷ് ഗ്രില്‍ ആണ്. 2021 മിനി ശ്രേണിയില്‍ റൂഫ് റെയിലുകളും, വ്യത്യസ്തമായ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളും ഇടം പിടിച്ചിട്ടുണ്ട്. ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് പതിപ്പില്‍ 18 ഇഞ്ച് അലോയ് വീല്‍ ഓപ്ഷണലായി തിരഞ്ഞെടുക്കാം.

പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇവ ലഭ്യമാകുക. 2 ലിറ്റര്‍ 4 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. മിനി 3 ഡോറിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ. വേഗം കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡ് മതി. കണ്‍വേര്‍ട്ടിബിളിന് ഇത് 7.1 സെക്കന്‍ഡ് എടുക്കും. 7 സ്പീഡ് ഡബിള്‍ ക്ലച്ച് സ്റ്റെപ്ട്രോണിക് ട്രാന്‍സ്മിഷനാണുള്ളത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് 2021 മിനി ശ്രേണിയുടെ ഹൃദയം. 192 എച്ച്പി പവറും 280 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും.

ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. ഈ എന്‍ജിന്‍ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് പതിപ്പില്‍ 231 എച്ച്പി പവറും, 320 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്നു. ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് മോഡലില്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ലഭിക്കുന്നത്.

മുന്‍നിരയിലെ യാത്രക്കാരന് എയര്‍ബാഗുകള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ബ്രേക് അസിസ്റ്റ്, ക്രാഷ് സെന്‍സര്‍ അടക്കമുള്ള സംവിധാനങ്ങളുണ്ട്. മിനി 3ഡോര്‍ ഹാച്ചും മിനി കണ്‍വേര്‍ട്ടിബ്ളും റൂഫ്ടോപ് ഗ്രേ മെറ്റലിക്, ഐലന്‍ഡ് ബ്ലൂ മെറ്റലിക്, എനിഗ്മാറ്റിക് ബ്ലാക്, സെസ്റ്റി യെല്ലോ എന്നീ നിറങ്ങളില്‍ ലഭ്യമാകും. നിലവില്‍ ബിഎംഡബ്‌ള്യു ഗ്രൂപ്പിന് കീഴിലാണ് മിനി പ്രവര്‍ത്തിക്കുന്നത്.

 

Top