ചിദംബരം പറയുന്നു, ‘ഞങ്ങളുടെ എന്‍പിആര്‍ പോലെയല്ല ബിജെപിയുടെ എന്‍പിആര്‍’

മോദി സര്‍ക്കാരിന്റെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പോലെയല്ല തങ്ങള്‍ 2010ല്‍ നടത്തിയ ഡാറ്റ ശേഖരണമെന്ന് അവകാശപ്പെട്ട് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. മോദി ഗവണ്‍മെന്റ് അംഗീകരിച്ച എന്‍പിആര്‍ വാക്കിലും, പശ്ചാത്തലത്തിലും വിഭിന്നമാണെന്നാണ് ചിദംബരം വാദിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ദേശീയ പൗരത്വ രജിസ്റ്ററിനെ ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ചിദംബരത്തിന്റെ കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന പൗരത്വം തെളിയിക്കല്‍ ഇതുവരെ ആസാമില്‍ മാത്രമാണ് നടത്തിയിരിക്കുന്നത്.

ഇന്ത്യ ഒട്ടാകെ എന്‍ആര്‍സി നടപ്പാക്കിയാല്‍ മുസ്ലീം ഇതര അനധികൃത കുടിയേറ്റക്കാരെ പൗരത്വ നിയമം സംരക്ഷിക്കുമെന്ന ആശങ്കയിലാണ് രാജ്യത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ ഇതോടെ രാജ്യമില്ലാത്ത അവസ്ഥയിലെത്തുമെന്നും ആശങ്ക ഉയരുന്നു. എന്നാല്‍ എന്‍ആര്‍സി നിലവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന് വിഷയത്തില്‍ വക്രബുദ്ധിയുണ്ടെന്നാണ് പി ചിദംബരം വാദിക്കുന്നത്. ‘ബിജെപിയുടെ നീക്കങ്ങള്‍ സത്യസന്ധമാണെങ്കില്‍ സര്‍ക്കാര്‍ 2010ലെ എന്‍പിആര്‍ രീതിയെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കണം. എന്‍ആര്‍സിയുമായി ഇതിന് ബന്ധമില്ലെന്നും സ്ഥിരീകരിക്കണം’, ചിദംബരം പറഞ്ഞു.

2010ല്‍ എന്‍പിആര്‍ അവതരിപ്പിക്കവെ ചിദംബരം പറഞ്ഞ വാക്കുകള്‍ ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് മറുപടി നല്‍കവെയാണ് ചിദംബരം തങ്ങളുടെ എന്‍പിആര്‍ വ്യത്യസ്തമാണെന്ന് അവകാശപ്പെട്ടത്.

Top