ഹോണ്ട ക്രോസോവറായ ഡബ്ല്യു ആര്‍-വിയുടെ പരിഷ്‌കരിച്ച പതിപ്പ് 8.50 ലക്ഷം രൂപ മുതല്‍

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട ക്രോസോവറായ ഡബ്ല്യു ആര്‍-വിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.50 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ ഷോറൂം വില. ഡീസല്‍ എന്‍ജിനുള്ള, ഉയര്‍ന്ന വകഭേദത്തിന് 11 ലക്ഷം രൂപയാണ് ഷോറൂം വില. പെട്രോള്‍ എന്‍ജിനുള്ള ഉയര്‍ന്ന വകഭേദത്തിന് 9.70 ലക്ഷം രൂപയും ഡീസല്‍ അടിസ്ഥാന പതിപ്പിന് 9.80 ലക്ഷം രൂപയുമാണു ഷോറൂം വില.

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് നിലവാരം പാലിക്കുന്ന രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണ് പരിഷ്‌കരിച്ച ഡബ്ല്യു ആര്‍ വിയുടെ വരവ്. കാറിലെ 1.2 ലീറ്റര്‍, ഐ വി ടെക് പെട്രോള്‍ എന്‍ജിന്‍ 90 പി എസ് വരെ കരുത്തും 110 എന്‍ എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഈ എന്‍ജിന് കൂട്ട്. പുതിയ സിറ്റിക്കു കരുത്തേകുന്ന 1.5 ലീറ്റര്‍, ഐ ഡി ടെക് ഡീസല്‍ എന്‍ജിനോടെയും ഡബ്ല്യു ആര്‍വി ലഭ്യമാണ്. 100 പി എസ് വരെ കരുത്തും 200 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

പെട്രോള്‍ എന്‍ജിന്‍ ലീറ്ററിന് 16.7 കിലോമീറ്ററും ഡീസല്‍ എന്‍ജിന് 23.7 കിലോമീറ്ററുമാണ് ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എ ആര്‍ എ ഐ) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. പുതിയ ഗ്രില്ലും ഹെഡ്‌ലാംപ് ക്രമീകരണവുമാണു പരിഷ്‌കരിച്ച ഡബ്ല്യു ആര്‍ വിയുടെ ബാഹ്യഭാഗത്തെ പ്രധാന മാറ്റം. മുകളില്‍ കട്ടിയുള്ള ക്രോം സ്ലാറ്റ് സഹിതമുള്ള ത്രിമാന, ഹോറിസോണ്ടലി സ്ലാറ്റഡ് ഗ്രില്ലാണ് കാറില്‍; ക്രോമിന്റെ പാര്‍ശ്വത്തിലാണ് എല്‍ ഇ ഡി ഹെഡ്‌ലാംപുകളുടെ സ്ഥാനം.

ആകൃതിയില്‍ കാര്യമായ മാറ്റമില്ലെങ്കിലും ഡേ ടൈം റണ്ണിങ് ലാംപ് കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിഫ്യൂസ് ചെയ്ത, ‘സി’ ആകൃതിയുള്ള ലൈറ്റ് ഗൈഡ് സഹിതം ടെയില്‍ ലാംപും പരിഷ്‌കരിച്ചു.

ക്ലൈമറ്റ് കണ്‍ട്രോളിന് ടച് പാനല്‍, സണ്‍ റൂഫ്, നാവിഗേഷനായി ഏഴ് ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, കീ രഹിത എന്‍ട്രിയും സ്റ്റാര്‍ട്ടും, ടില്‍റ്റ് ടെലിസ്‌കോപിക് സ്റ്റീയറിങ്, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് അകത്തളത്തിലെ പരിഷ്‌കാരം. രണ്ട് എയര്‍ബാഗും റിയര്‍വ്യൂ കാമറയും സ്റ്റാന്‍ഡേഡ് വ്യവസ്ഥയില്‍ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ സഹിതം ‘എസ് എക്‌സ്’, ‘വി എക്‌സ്’ വകഭേദങ്ങളിലാണ് ‘ഡബ്ല്യു ആര്‍ വി’ വില്‍പ്പനയ്ക്കുള്ളത്. ഇന്ത്യയില്‍ ടാറ്റ ‘നെക്‌സന്‍’, മഹീന്ദ്ര ‘എക്‌സ് യു വി 300’, ഫോഡ് ‘ഇകോസ്‌പോര്‍ട്’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ‘ഹ്യുണ്ടേയ് ‘വെന്യു’ തുടങ്ങിയവയോടാണ് ‘ഡബ്ല്യു ആര്‍ വി’യുടെ പോരാട്ടം.

Top