2020 കോപ്പ അമേരിക്ക : അര്‍ജന്റീനയും കൊളംബിയയും വേദിയാകും

2020 ലെ കോപ്പ അമേരിക്ക മത്സരങ്ങള്‍ക്കുള്ള വേദി സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. അര്‍ജന്റീനയിലും കൊളംബിയയിലുമാണ് 2020ലെ കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക. ആദ്യമായിട്ടാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് രണ്ടു രാജ്യങ്ങളില്‍ വെച്ച് നടക്കുന്നത്.

2020ലെ കോപ്പ അമേരിക്ക മത്സരങ്ങള്‍ സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ രണ്ട് സോണുകളായാണ് നടക്കുന്നത്. ഒരു സോണില്‍ ആറ് ടീമുകളാണ് ഉണ്ടാവുക. ഒരു സോണിലെ ടീമുകള്‍ പരസ്പരം മത്സരിക്കുകയും ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടുകയും ചെയ്യും.

2020ലെ ടൂര്‍ണമെന്റില്‍ മൊത്തം 38 മത്സരങ്ങള്‍ നടക്കും. മുന്‍പ് 26 മത്സരങ്ങള്‍ മാത്രമായിരുന്നു നടന്നിരുന്നത്. ഇതു വരെ രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ് നടത്തിയിരുന്നത്. എന്നാല്‍ 2020 മുതല്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാവും ടൂര്‍ണമെന്റ് നടക്കുക.

ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ജപ്പാനും ഖത്തറുമാണ് ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍. സൗത്ത് സോണില്‍ അര്‍ജന്റീനയെ കൂടാതെ ചിലി, ഉറുഗ്വ, പരാഗ്വ, ബൊളീവിയയും കൂടാതെ ഒരു ക്ഷണിക്കപ്പെട്ട രാജ്യവും ഉണ്ടാവും. നോര്‍ത്ത് ഗ്രൂപ്പില്‍ ബ്രസീല്‍, കൊളംബിയ, വെനിസ്വല, ഇക്വഡോര്‍, പെറു എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഒരു ക്ഷണിക്കപ്പെട്ട രാജ്യവും ഉണ്ടാവും.

Top