ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ കൂടി ഒരുക്കി ടാറ്റ

ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി കമ്പനി ഒരുക്കുന്നു. ഇടത്തരം XM, ഏറ്റവും ഉയര്‍ന്ന XZ പ്ലസ് വകഭേദങ്ങളിലും എഎംടി ഗിയര്‍ബോക്സ് അവകാശപ്പെടും. 6.39 ലക്ഷം രൂപയാണ് പുതിയ ടാറ്റ ടിഗോര്‍ XMA -യ്ക്ക് വില. ടിഗോര്‍ XZA പ്ലസ് 7.24 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം).

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് XZ പ്ലസ്, ടിഗോര്‍ XZA പ്ലസില്‍ ഫീച്ചറുകളില്‍ മുഖ്യം. ഇരട്ട എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍ തുടങ്ങിയവയാണ് കാറിന്റെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.

നിലവില്‍ കമ്പനി പരീക്ഷിച്ചു തെളിഞ്ഞ 1.2 ലിറ്റര്‍ റെവട്രോണ്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ടിഗോര്‍ എഎംടി മോഡലുകള്‍ വിപണിയില്‍ എത്തുന്നുള്ളൂ. ടിയാഗൊ എഎംടിയിലും എഞ്ചിന്‍ ഇതുതന്നെ. 84 bhp കരുത്തും 114 Nm torque ഉം 1199 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്.

പെട്രോള്‍ പതിപ്പിന് പുറമെ 1.05 ലിറ്റര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനും ടിഗോറില്‍ തിരഞ്ഞെടുക്കാം. എന്നാല്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ഡീസല്‍ മോഡലുകളിലുള്ളൂ. 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 69 bhp കരുത്തും 140 Nm torque ഉം കുറിക്കാന്‍ പ്രാപ്തമാണ്.

Top