2019ലേതിന് സമാനം;പുല്‍വാമയില്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വന്‍ കാര്‍ ബോംബ് സ്ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി.20 കിലോയിലധികം ഉഗ്ര സ്‌ഫോടകവസ്തു (ഐഇഡി) വഹിച്ച വാഹനം തടഞ്ഞു നിര്‍ത്തി വന്‍ ആക്രമണ പദ്ധതിയാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പുല്‍വാമയില്‍ നടന്ന ഭീകരാക്രമണവുമായി ഈ പദ്ധതിക്ക് സമാനതകളുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ച ഇംപ്രോവൈസിഡ് എക്സ്പ്ലോസിവ് ഡിവൈസ് (ഐഇഡി) എന്ന സ്ഫോടകവസ്തു തന്നെയാണ് കാറിൽ ഉണ്ടായിരുന്നത്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിന്റില്‍ നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്നാണ് കശ്മീര്‍ പോലീസ് പറയുന്നത്.

‘കാര്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സുരക്ഷഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിനുള്ളില്‍ നിന്ന് 20 കിലോയിലധികം വരുന്ന ഐ.ഇ.ഡി കണ്ടെടുത്തു’ ഐ.ജി.വിജയ് കുമാര്‍ പറഞ്ഞു.

ആക്രമണ സാധ്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് രഹസ്യാന്വേഷണം ലഭിച്ചിരുന്നു ഇതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ ഞങ്ങള്‍ ഐ.ഇ.ഡിയുമായി വരുന്ന വാഹനത്തിനായി തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.
നിരവധി വീടുകള്‍ക്കു കേടുപാടു പറ്റുകയും ചെയ്തു.

സൈന്യവും പൊലീസും അര്‍ദ്ധസൈനിക വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ആക്രമണം തടയാനായതെന്നും വിജയ് കുമാര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടു മാസമായി കശ്മീർ അതിർത്തിയിൽ തുടരരെതുടരെ ഭീകരാക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 സുരക്ഷാ സേനാംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ കാലയളവില്‍ 38 തീവ്രവാദികളെയും സുരക്ഷാ സേന വകവരുത്തിട്ടുണ്ട്.

Top