2019ലെ തിരഞ്ഞെടുപ്പ് ഇസ്ലാം-ഭഗവാന്‍ പോരാട്ടം: ബിജെപി എംഎല്‍എ

ബലിയ(യു പി): 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇസ്ലാമും ഭഗവാനും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്രസിങ്. തിരഞ്ഞെടുപ്പില്‍ ഇസ്ലാം ജയിക്കണോ ഭഗവാന്‍ ജയിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സുരേന്ദ്രസിങ് പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തോടും സുരേന്ദ്രസിങ് തിരഞ്ഞെടുപ്പിനെ ഉപമിച്ചു. നിലവിലെ പ്രതിപക്ഷത്തിന് അടുത്ത തവണ സര്‍ക്കാരുണ്ടാക്കാനായാല്‍ പെരുമ്പറയും കാഹളവും മുഴങ്ങുക പാകിസ്താനുവേണ്ടിയായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു. ഭാരതശക്തിയും വിഭജനശക്തികളും തമ്മിലുള്ള പോരാട്ടമായിരിക്കും വരാന്‍ പോകുന്നത്.

സുരേന്ദ്രസിങ്ങിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമ്പോള്‍ തങ്ങളുടെ സംസ്‌കാരത്തിലേക്ക് വരുന്നവര്‍ക്കേ രാജ്യത്ത് നില്‍ക്കാനാകൂയെന്ന എംഎല്‍എയുടെ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്കിടെയാക്കിയിരുന്നു.

ഉന്നാവോയില്‍ പതിനെട്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആരോപണവിധേയനായ കുല്‍ദീപ് സിങ് സെംഗാറിനെ പിന്തുണച്ചും സുരേന്ദ്രസിങ് രംഗത്തെത്തിയിരുന്നു.

Top