ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി; പ്രളയവും ശബരിമല പ്രക്ഷോഭവും പറഞ്ഞ് തുടക്കം

തിരുവനന്തപുരം: 2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. നവോത്ഥാനത്തെ കുറിച്ചും ശബരിമലയയും കുറിച്ച് സംസാരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. ശബരിമല പ്രക്ഷോഭം ദുരന്തമായെന്ന് ഐസക്ക് പറഞ്ഞു. നവോത്ഥാനത്തെ കുറിച്ച് അറിയാനും പഠിക്കാനുമായി സമഗ്ര മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം.

പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മ്മാണത്തിന്റെ ഘട്ടമാണ് ഇതെന്നും ഐസക്ക് പറഞ്ഞു. കേന്ദ്രസര്‍ക്കാറിനെയും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തോട് എന്തിനാണ് ഈ ക്രൂരതയെന്ന് അദ്ദേഹം ബജറ്റില്‍ ചോദിച്ചു. വായ്പ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിലും കേന്ദ്ര സര്‍ക്കാറിന് വീഴ്ച്ച പറ്റി. പ്രളയ പുനരുദ്ധാരണത്തനായാണ് ബജറ്റില്‍ മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍

* നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും

* വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ലളിതകലാഅക്കാദമി മുന്‍കൈയെടുക്കും.

* സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ദാക്ഷായണി വേലായുധന്റെ പേരിലുള്ള ഒരു പുരസ്‌കാരം നല്‍കും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചു

* കൊച്ചിയില്‍ ജിസിഡിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍

* കൊച്ചിന്‍ റിഫൈനറിക്ക് എഫ്എസിടിയുടെ 600 ഏക്കര്‍ ഏറ്റെടുക്കും

* തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി

* പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി

* ജീവനോപാധി വികസനത്തിന് 4500 കോടി

* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി

* വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും

* കിഫ്ബിയില്‍ നിന്നുള്ള 15600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

* കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍

*പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍

*കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും.അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും

*നാളികേര കൃഷി പ്രത്സാഹനത്തിന് പദ്ധതി

* ബജറ്റിന്റെ പദ്ധതി അടങ്കല്‍ 39,807 കോടി രൂപ

* സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് 700 കോടി

* വയനാട്ടിലെ കുരുമുളക് കൃഷി പുനരുദ്ധരിക്കാന്‍ 10 കോടി

* വയനാട്ടിലെ കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. മലബാര്‍ എന്ന പേരില്‍ വയനാട്ടിലെ കാപ്പി വിപണിയിലെത്തിക്കും

* വ്യവസായ പാര്‍ക്കുകള്‍ക്ക് 141 കോടി രൂപ

* കേര ഗ്രാമം പദ്ധതിക്ക് 43 കോടി

* 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു

* 1000 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ കേരള പുനര്‍നിര്‍മ്മാണത്തിനായി വകയിരുത്തി

* ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണട്് ലക്ഷമാക്കി ഉയര്‍ത്തും

* റബറിന് താങ്ങുവിലയായി 500 കോടി വകയിരുത്തി

* പുളിങ്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019-20ല്‍ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

* 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാന്‍ 20 കോടി

* കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവെക്കുന്നു.

* സ്വകാര്യ നിക്ഷേപത്തെ അകമഴിഞ്ഞ് സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ

* സിയാല്‍ മാതൃകയില്‍ ടയര്‍ കമ്പനി

* കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ഫാം

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി വലിയ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.ജനപ്രിയ ബജറ്റാകുന്നതിനൊപ്പം തന്നെ കേരളത്തെ ഒരു സുസ്ഥിര വികസന ധനസ്ഥിതിയിലേക്ക് നയിക്കുന്ന ബജറ്റാകും അവതരിപ്പിക്കുക. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞിരുന്നു. പ്രളയസെസ് വിലക്കയറ്റത്തിന് കാരണമാകില്ല. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ധനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്

Top