പ്രതീക്ഷകള്‍ കെവിടാതെ 2018; മികച്ച ചിത്രത്തിനുളള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍

സ്‌കര്‍ നോമിനേഷനിലേക്ക് മികച്ച ചിത്രത്തിനു വേണ്ടി പരിഗണിക്കപ്പെടുന്ന 265 സിനിമകളില്‍ ജൂഡ് ആന്തണിയുടെ ‘2018’ ഉള്‍പ്പെട്ടു. ഇന്ത്യയില്‍നിന്ന് 2018 ഉം, ഹിന്ദി ചിത്രം ട്വല്‍ത് ഫെയിലുമാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച സിനിമകളുടെ അക്കാദമി പട്ടികയിലാണ് മലയാളത്തില്‍ നിന്നൊരു ചിത്രം എത്തിയതെന്നതും അഭിമാനകരമായ നേട്ടമാണ്. നേരത്തെ ഓസ്‌കര്‍ നോമിനേഷനിലേക്കുള്ള പത്ത് വിഭാഗങ്ങളിലെ ചിത്രങ്ങള്‍ അക്കാദമി ഷോര്‍ട് ലിസ്റ്റ് ചെയ്തിരുന്നു. മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമിന് ഇന്ത്യയില്‍നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘2018’, മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിരുന്നുമില്ല. ഇതോടെ ഓസ്‌കര്‍ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് കരുതിയ അണിയറക്കാര്‍ക്കും ഈ വാര്‍ത്ത വലിയൊരു പ്രതീക്ഷയാണ്് നല്‍കുന്നത്.

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം, വിദേശ ഭാഷാ ചിത്രം, മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്, മ്യൂസിക് (ഒറിജിനല്‍ സോങ്-ഒറിജിനല്‍ സ്‌കോര്‍), അനിമേറ്റഡ് ഹ്രസ്വചിത്രം, ലൈവ് ആക്ഷന്‍ ഹ്രസ്വ ചിത്രം. സൗണ്ട് ആന്‍ഡ് വിഷ്വല്‍ ഇഫക്റ്റ്‌സ് എന്നീ വിഭാഗങ്ങളിലുള്ള ചുരുക്കപ്പട്ടികയാണ് അക്കാദമി ഡിസംബര്‍ 21ന്പുറത്തുവിട്ടത്. ഓസ്‌കര്‍ നോമിനേഷനുകള്‍ അടുത്തിരിക്കെ സംവിധായകന്‍ ജൂഡ് ആന്തണിയും നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും മലയാള സിനിമയ്ക്കു സ്വപ്നം കാണാന്‍ കഴിയാത്ത തരത്തിലുള്ള പ്രമോഷനാണ് ‘2018’ നു നല്‍കിയത്. തെക്കേ അമേരിക്കയിലെ 400ല്‍ പരം സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു. അമേരിക്കയില്‍ റിലീസ് ചെയ്തതുകൊണ്ടു തന്നെ സിനിമ ജനറല്‍ കാറ്റഗറിയില്‍ മത്സരിക്കാനും യോഗ്യത നേടിയിരുന്നു. പ്രമോഷനുവേണ്ടി ഒരു മാസത്തോളം ജൂഡ് അമേരിക്കയിലുണ്ടായിരുന്നു.

ജനുവരി 23നാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക. 265 സിനിമകളില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാകും ഓസ്‌കറില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുക. ‘2018’ നോമിനേഷനില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്നത് പ്രവചനാതീതമാണ്. എന്നാലും സ്വന്തം സിനിമയുടെ മികവില്‍ വിശ്വാസമുണ്ടെങ്കില്‍ ഉയരങ്ങള്‍ താണ്ടാം എന്ന പ്രതീക്ഷയാണ് ജൂഡും കൂട്ടരും ഈ നേട്ടത്തിലൂടെ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുന്നത്. മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമില്‍ നോമിനേഷനിലെത്തുക അഞ്ച് സിനിമകളാണ്. ഇന്റര്‍നാഷനല്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം ഗുരു (1997) ആയിരുന്നു. ആദാമിന്റെ മകന്‍ അബു (2011), ജല്ലിക്കെട്ട് (2020) എന്നിവയാണ് ഇന്ത്യയുടെ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകള്‍. അവസാന അഞ്ചില്‍ ഇടം നേടിയത് ബോളിവുഡ് ചിത്രം ലഗാന്‍ (2001). മികച്ച രാജ്യാന്തര ഫീച്ചര്‍ ഫിലിമില്‍ ഓസ്‌കര്‍ നോമിനേഷനിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമയാണ് ‘മദര്‍ ഇന്ത്യ’.

Top