ദീപ നിശാന്തിനെ വിധികര്‍ത്താവാക്കി കലോത്സവത്തിന് കളങ്കം വരുത്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലോത്സവത്തിന് കളങ്കം വരുത്തുന്ന നടപടിയാണിതെന്ന് രമേശ് ചെന്നിത്തല ഡിപിഐയെ ഫോണില്‍ വിളിച്ച് അറിയിച്ചു.

മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

മൂല്യനിര്‍ണയത്തിനു ശേഷം ദീപ തിരികെ പോയി. നേരത്തെ എല്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ദീപ എത്തിയാല്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വേദി കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേക്ക് മാറ്റുകയായിരുന്നു.

എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും ഡിപിഐ കെ.വി.മോഹന്‍ കുമാര്‍ അറിയിച്ചിരുന്നു.

Top