200 കോടി ക്ലബില്‍ ‘2018’; ചരിത്ര നേട്ടം അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍

200 കോടി ക്ലബ്ബില്‍ ഇടംനേടി ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുക്കിയ ‘2018’. നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആഗോള ബിസിനസ് 200 കോടി കടന്നുവെന്ന് നിര്‍മാതാവ് വ്യക്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം ‘2018’ ആണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസായി പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി കളക്ഷന്‍ നേടാന്‍ പ്രളയം പ്രമേയമാക്കി ഒരുക്കിയ ‘2018’ ന് സാധിച്ചിരുന്നു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

 

Top