മികച്ച ഇന്ധനക്ഷമതയുമായി പുതുതലമുറ സിറ്റി അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ ജനപ്രിയ വാഹനമാണ് സിറ്റി. പല ഘട്ടങ്ങളായി കൂടുതല്‍ സ്‌റ്റൈലിഷായെത്തിയ സിറ്റി ഇനി കൂടുതല്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം ഹൈബ്രിഡ് സംവിധാനത്തിലുമെത്തുകയാണ്.

പുതുതായെത്തുന്ന ഹോണ്ട സിറ്റി ഈ ഒക്ടോബറില്‍ തായ്‌ലന്‍ഡില്‍ എത്തുമെങ്കിലും 2020 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇന്ത്യയിലുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍മോഡലിനെക്കാള്‍ ആഡംബരമാണ് എക്സറ്റീരിയര്‍. ഫ്രണ്ട് ബംമ്പര്‍, ഗ്രില്ല് എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. ഹോണ്ട സിവിക്കിനോട് സാമ്യമുള്ളതാണ് മുന്‍വശം. എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ പ്രത്യേകതയാണ്.

പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്ന മറ്റ് ഘടകങ്ങള്‍.

മുമ്പുണ്ടായിരുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലും ഇത്തവണ സിറ്റി എത്തുന്നുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്.

1.5 ലിറ്റര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ വകഭേദത്തിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്‍സ്മിഷനില്‍ ഈ എഞ്ചിന്‍ 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും.

Top