പുതിയ ഹോണ്ട CRV വിപണിയില്‍ ; വില 28.15 ലക്ഷം രൂപ മുതല്‍

ഴു സീറ്റര്‍ CRV എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി ഹോണ്ട. 28.15 ലക്ഷം രൂപയാണ് പ്രാരംഭവില. ഉയര്‍ന്ന CRV ഡീസല്‍ മോഡലിന് 32.75 ലക്ഷം രൂപയാണ് വില. ഏഴു സീറ്റര്‍ ഘടനയ്ക്കു പുറമെ CRV എസ്‌യുവിക്ക് ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നതും ഇതാദ്യമായാണ്. മൂന്നു വകഭേദങ്ങള്‍ പുതിയ ഹോണ്ട CRV യിലുണ്ട്. ടൂ വീല്‍ ഡ്രൈവ് പെട്രോള്‍, ടൂ വീല്‍ ഡ്രൈവ് ഡീസല്‍, ഓള്‍ വീല്‍ ഡ്രൈവ് ഡീസല്‍ മോഡലുകള്‍ CRV നിരയില്‍ ഉള്‍പ്പെടുന്നു. ഇടത്തരം ഡീസല്‍ ടൂ വീല്‍ ഡ്രൈവ് മോഡല്‍ 30.65 ലക്ഷം രൂപയ്ക്കാണ് വില്‍പനയ്‌ക്കെത്തുന്നത്. വൈറ്റ് ഓര്‍ക്കിഡ് പേള്‍, റേഡിയന്റ് റെഡ്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ചു നിറങ്ങള്‍ എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം.

ഹെഡ്‌ലാമ്പില്‍ തന്നെയാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സില്‍വര്‍ സ്‌കിഡ് പ്ലേറ്റും എല്‍ഇഡി ഫോഗ്‌ലാമ്പുകളും എസ്‌യുവിയുടെ പരുക്കന്‍ ഭാവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. വശങ്ങളില്‍ ഡയമണ്ട് കട്ട് ശൈലിയുള്ള മൂന്നു സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. കോണോടുകോണ്‍ ചേര്‍ന്ന ടെയില്‍ലാമ്പുകള്‍, ടെയില്‍ഗേറ്റിന് കുറുകെയുള്ള ക്രോം ബാര്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, റൂഫ് റെയിലുകള്‍ തുടങ്ങിയവ പുതിയ CRV യുടെ വിശേഷങ്ങളില്‍പ്പെടും.

അകത്തളത്തില്‍ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, LCD ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി പോര്‍ട്ട്, HDMI പോര്‍ട്ട്, എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനം എന്നിവയുമുണ്ട്. ആറു എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സ്റ്റബിലിറ്റി അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവ എസ്‌യുവിയില്‍ സുരക്ഷ ഉറപ്പുവരുത്തും.

Top