പ്രളയ ഫണ്ട് വെട്ടിപ്പ്; അന്വേഷണ റിപ്പോര്‍ട്ട് റവന്യു സെക്രട്ടറിക്ക് അയക്കുമെന്ന് കളക്ടര്‍

കോഴിക്കോട്: പ്രളയ ഫണ്ട് തട്ടിപ്പില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. മനപൂര്‍വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡോ നരസിംഹുഗരി ടിഎല്‍ റെഡ്ഡി വ്യക്തമാക്കി.

ഫണ്ട് വെട്ടിപ്പ് നടത്തിയ റവന്യു വകുപ്പ് ജൂനിയര്‍ സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇതിനോടകം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും കളക്ടര്‍ അറിയിച്ചു.

കോഴിക്കോട് താലൂക്കില്‍ 2018-ല്‍ അടിയന്തര ധനസഹായമായ 10000 രൂപ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്തതില്‍ വന്‍തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുന്നതാണ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്.

ഒരു അക്കൗണ്ടിലേക്ക് ഒന്‍പത് തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപയാണ് സര്‍ക്കാരിന് ഇങ്ങിനെ നഷ്ടപ്പെട്ടത്. സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

2018-ലെ മഹാപ്രളയത്തില്‍ കോഴിക്കോട് താലൂക്കില്‍ പ്രളയം ബാധിച്ച 20,000-ത്തിലധികം പേര്‍ക്കായി അടിയന്തിര ധനസഹായ തുകയായി 22.35 കോടി രൂപയാണ് ആകെ വിതരണം ചെയ്തത്. അടിയന്തര സഹായമായി പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ 1.17 കോടി രൂപയോളം നീക്കിവെച്ചത് ഇപ്പോഴും വിതരണം ചെയ്യാതെ സസ്‌പെന്‍സ് അക്കൗണ്ടില്‍ കിടക്കുകയാണ്.

പ്രളയ ധനസഹായം അനധികൃതമായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമാകാന്തന്‍ 97600 രൂപ വെട്ടിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.

Top