‘ഗോവയില്‍ 2017 ആവര്‍ത്തിക്കില്ല’; പ്രതീക്ഷ പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗോവയില്‍ 2017 ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരുന്ന തെരെഞ്ഞെടുപ്പില്‍ ഗോവയില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

ഇവിടെ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സഖ്യത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാര്‍ട്ടിയുമായോ തൃണമൂല്‍ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

നിലവിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ ശരിയായ തീരുമാനമായിരുന്നില്ല. അഞ്ച് വര്‍ഷം മുമ്പ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെയായിരുന്നു ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഗോവയില്‍ കോണ്‍ഗ്രസിന് വ്യക്തമായ പദ്ധതികള്‍ ഉണ്ട്. ഭൂരിപക്ഷം ഇല്ലാത്തൊരു സാഹചര്യം ഉണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ കയ്യില്‍ വ്യക്തമായ പരിഹാരങ്ങളുണ്ട്. തൊഴിലില്ലായ്മയും പരിസ്ഥിതി പ്രശ്‌നങ്ങളും ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങളുമാണ് സംസ്ഥാനം നേരിടുന്ന പ്രധാന വിഷയങ്ങള്‍. അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ ഖനനം നിയമപരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് സംസ്ഥാനത്ത് വലിയൊരു അളിവില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സഹായകരമാവുമെന്നും രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Top