ഉത്തരകൊറിയയുടെ ആണവപരീക്ഷണം, ഹിരോഷിമയേക്കാള്‍ ഭയാനകം; ഐസ്ആര്‍ഒ

ന്യൂഡല്‍ഹി: 2017ല്‍ ഉത്തര കൊറിയ നടത്തിയ ആണവ പരീക്ഷണം ഹിരോഷിമയില്‍ നടന്ന അണുവായുധ വിസ്ഫോടനത്തേക്കാള്‍ 17 മടങ്ങ് ശക്തിയുള്ളതെന്ന് റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒയുടെ മൂന്നംഗ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.കെ.എം. ശ്രീജിത്ത്, റിതേഷ് അഗര്‍വാള്‍, എ.എസ് രജാവത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ 1945ല്‍ ഹിരോഷിമയില്‍ 15 കിലോ ടണ്‍ ടിഎന്‍ടി പൊട്ടിത്തെറിക്കുന്നതിനു തുല്യമായ സ്‌ഫോടനമാണ് ‘ലിറ്റില്‍ ബോയ്’ നടത്തിയത്. എന്നാല്‍ ഉത്തരകൊറിയയിലെ രഹസ്യ കേന്ദ്രത്തില്‍ പൊട്ടിത്തെറിച്ച ഹൈഡ്രജന്‍ ബോംബിന് 245 മുതല്‍ 271 വരെ കിലോ ടണ്‍ വരെ ടിഎന്‍ടി പൊട്ടിത്തെറിക്കുമ്പോഴുണ്ടാകുന്നത്ര ആഘാതം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു.2017 സെപ്റ്റംബർ മൂന്നിനായിരുന്നു ലോകത്തെ ഞെട്ടിച്ച ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം.

അന്നുണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങളും സീസ്മിക് ഫലങ്ങളും ഉപയോഗിച്ചാണ് ഗവേഷണ സംഘം പഠനം നടത്തിയത്. പരീക്ഷണം നടത്തിയ മൗണ്ട് മണ്‍ടാപ് എന്ന പര്‍വതശിഖരത്തിന്റെ മേല്‍ത്തട്ട് വലിയതോതില്‍ തകര്‍ന്നതായി പഠനം പറയുന്നു. പര്‍വതത്തിന്റെ മുകള്‍ ഭാഗത്തിന് 0.5 മീറ്ററോളം സ്ഥാനഭ്രംശം സംഭവിച്ചതായി സ്ഫോടനത്തിനു ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ജപ്പാന്റെ കൃത്രിമോപഗ്രഹമായ അലോസ്-2ന്റെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

Top