2016 New-gen Toyota Innova to be showcased at Auto

ഇന്ത്യന്‍ വാഹന ലോകത്തെ ഒരു വിപ്‌ളവമായിരുന്നു ടൊയോട്ട ഇന്നോവ. മള്‍ട്ടി പ്രീമിയം വാഹന ശ്രേണിയ്ക്ക് തുടക്കമിട്ട് ഇന്നോവ ആരംഭിച്ച ജൈത്രയാത്ര വില്പന വിപ്‌ളവം തന്നെയാണ് വിപണിയില്‍ സൃഷ്ടിച്ചത്.

നമ്മുടെ നിരത്തുകളുടെ സ്ഥിര സാന്നിദ്ധ്യമാണ് ഇന്ന് ഇന്നോവ. പിന്നീട്, മാരുതിയുടെ എര്‍ട്ടിഗ, ഹോണ്ടയുടെ മൊബിലിയോ, മഹീന്ദ്രയുടെ സൈലോ, റെനോ ലോഡ്ജി എന്നിങ്ങനെ നിരവധി എതിരാളികള്‍ എത്തിയെങ്കിലും ഇന്നോവയുടെ സ്വീകാര്യതയ്ക്ക് ഇളക്കം തട്ടിയില്ല.

മികച്ച യാത്രാസുഖം, വിശാലമായ അകത്തളം, കരുത്തുറ്റ എന്‍ജിന്‍, ഭേദപ്പെട്ട മൈലേജ് എന്നിവ ഇന്നോവയുടെ കരുത്താണ്. ‘ഇതിഹാസം പുനര്‍ജനിക്കുന്നു’ എന്ന വിശേഷണം നല്‍കി, ടൊയോട്ട രൂപപ്പെടുത്തിയ ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പ് അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തും.

ഇക്കുറി ന്യൂഡല്‍ഹി ഓട്ടോ എക്‌പോയിലൂടെ ( ഫെബ്രുവരി 5 9) പുത്തന്‍ ഇന്നോവയെ ടൊയോട്ട പരിചയപ്പെടുത്തും. രൂപകല്പനയില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് പുതിയ ഇന്നോവയുടെ വരവ്. കുടുംബ യാത്രകളുടെ പ്രിയവാഹനമെന്ന വിശേഷണം നിലനിറുത്താനുള്ള ചേരുവകള്‍ പുതിയ മോഡലിലും കാണാം.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ പുതിയ ഇന്നോവയെത്തും. 12 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കാം. ടോപ് എന്‍ഡ് മോഡലിന് 16 ലക്ഷം രൂപ പ്രതീക്ഷിക്കപ്പെടുന്നു.

വലിയ ഗ്രില്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, പുതിയ എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, പുതിയ ബമ്പര്‍ എന്നിങ്ങനെ എസ്.യു.വി ലുക്ക് നല്‍കിയിട്ടുണ്ട് ഈ പുതുതലമുറ ഇന്നോവയ്ക്ക്. വശങ്ങളിലും പിന്‍ഭാഗത്തും മാറ്റം പ്രകടം. പുതിയ ഡിസൈന്‍ ടെയ്ല്‍ലാമ്പാണ് പിന്നിലുള്ളത്.

Top