2016; malayalam movie industrty

2016 മലായള സിനിമയില്‍ വന്‍ ഹിറ്റുകള്‍ കൊയ്ത വര്‍ഷമാണ്.നവംബര്‍ അവസാനം വരെ നിര്‍മിച്ചു റിലീസ് ചെയ്ത 108 മലയാള ചലച്ചിത്രങ്ങളില്‍ 21 എണ്ണവും വന്‍ വിജയം.

ഒരു പടത്തിന് (പുലിമുരുകന്‍) ഗ്രോസ് തിയറ്റര്‍ കലക്ഷനില്‍ നൂറു കോടി കവിഞ്ഞ 2016 മലയാള സിനിമയുടെ സുവര്‍ണവര്‍ഷമാകുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ചലച്ചിത്ര പ്രദര്‍ശനത്തിനുള്ള അവകാശം വാങ്ങാനായി മലയാളി അണിയറയിലുള്ള പുതിയ കമ്പനി രംഗത്തു വന്നതും മലയാള സിനിമാ രംഗത്തിന് ശുഭപ്രതീക്ഷയാണു നല്‍കുന്നത്.

സാധാരണ വര്‍ഷം 130-150 സിനിമകള്‍ നിര്‍മിക്കുമ്പോള്‍ അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രം ഹിറ്റുകളുണ്ടാവുന്ന പതിവിനിടെയാണ് ഇക്കൊല്ലം 21 വന്‍ വിജയങ്ങള്‍. യുവ താരങ്ങളുടേയും യുവ സംവിധായക പ്രതിഭകളുടേയും അരങ്ങേറ്റവും പരിശ്രമവും അതിനു കാരണമായിട്ടുണ്ട്. അവസാനത്തെ ഹിറ്റ് കട്ടപ്പനയിലെ ഋത്വിക്‌റോഷനാണ്.

ഗള്‍ഫിലെ ഇറാന്‍ സ്വദേശിയുടെ കമ്പനിയുമായി മല്‍സരിച്ച് ബി സിനിമാസ് എന്ന കമ്പനി ഗള്‍ഫിലെ സിനിമ വിപണനത്തില്‍ രംഗത്തു വന്നത് മലായാള സിനിമയുടെ മറ്റെരു സുവര്‍ണ്ണ നേട്ടമാണ്.

മലയാള സിനിമയുടെ ഗള്‍ഫ് വിപണന അവകാശം പതിറ്റാണ്ടുകളായി ഒരു കമ്പനിക്കു മാത്രമായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള സിനിമാ നിര്‍മാതാക്കളും സംവിധായകരും മുന്‍കൈ എടുത്ത് മറ്റൊരു വിപണനക്കമ്പനി ആരംഭിച്ചെങ്കിലും മല്‍സരം അതിജീവിക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ ഇന്ത്യന്‍ സിനിമകളുടെ വിപണനത്തിനും പ്രദര്‍ശനത്തിനുമായി ആരംഭിച്ച ബി സിനിമാസ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകന്‍ ഷെയ്ഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അനുഗ്രഹാശിസുകളോടെയാണ്.

ഹിറ്റായ മലയാള പടം ആനന്ദമാണ് ആദ്യമായി ബി സിനിമാസ് യുഎഇയില്‍ റിലീസ് ചെയ്തത്. ദുബായ് മാളിലെ സ്‌ക്രീനുകളിലും ആനന്ദം നിറഞ്ഞാടുന്നുണ്ട്.

കൂടാതെ ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ സ്വര്‍ണ കടുവ ഉടനെത്തും. പൃഥ്വിരാജിന്റെ പുതിയ പടം ഇസ്ര 16നു റിലീസ് ചെയ്യും. 17നാണ് കേരളത്തിലെ റിലീസ്.

പുതിയ സിനിമ കേരളത്തില്‍ വെള്ളിയാഴ്ചയാണു റിലീസ് എങ്കില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കലക്ഷന്‍ കിട്ടുന്ന വ്യാഴാഴ്ചയാണു റിലീസ്.

ബി സിനിമാസ് ഇതിനകം പ്രമുഖ മലയാള സംവിധായകരുടെയും നിര്‍മാതാക്കളുടെയും വരാന്‍ പോകുന്ന പടങ്ങളുടെ റിലീസ് അവകാശം സംബന്ധിച്ചു ധാരണയുണ്ടാക്കിയിട്ടുമുണ്ട്.

ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലും മലയാളത്തിന് റിലീസ് അവകാശം വില്‍ക്കാമെന്നായിട്ടുണ്ട്. മലയാളികള്‍ ഉള്ള നാടുകളിലെല്ലാം ഓവര്‍സീസ് അവകാശവും ലഭിക്കുന്നത് വ്യത്യസ്തമായ പ്രമേയങ്ങളും വിപുലമായ ബജറ്റും സിനിമയില്‍ കൊണ്ടുവരുന്നതിനു വഴി തെളിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ പറഞ്ഞു.

വിജയങ്ങള്‍ കണ്ട് പുതിയ നിര്‍മാതാക്കള്‍ മതിമയങ്ങരുതെന്നാണ് പ്രമുഖ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടം മുന്നറിയിപ്പു നല്‍കുന്നത്.

പുലിമുരുകനു പോലും നിര്‍മാണച്ചെലവു കഴിഞ്ഞാല്‍ നിര്‍മാതാവിനു കിട്ടുന്ന ലാഭം പുറത്തു പലരും ഭാവനയില്‍ കാണുന്നതു പോലെ വരില്ലെന്ന് ടോമിച്ചന്‍ കണക്കു സഹിതം ചൂണ്ടിക്കാട്ടി.

Top