2015 ബിഎംഡബ്ല്യു 118 ഡിയുടെ പരിഷ്‌കരിച്ച പതിപ്പ് എത്തി

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യു നവീകരിച്ച ‘വണ്‍ സീരീസ്’ ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘118 ഡി’ക്കു പകരമാണ് ‘2015 ബി എം ഡബ്ല്യു 118 ഡി’യുടെ വരവ്.

നേരത്തെ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളോടെ വിവിധ വകഭേദങ്ങളില്‍ ‘വണ്‍ സീരീസ്’ ലഭ്യമായിരുന്നെങ്കില്‍ നവീകരിച്ച ‘118 ഡി’ ഒറ്റ വകഭേദത്തിലും ഒറ്റ ഡീസല്‍ എന്‍ജിനോടെയുമാണു വില്‍പ്പനയ്ക്കുള്ളത്. 29.90 ലക്ഷം രൂപയാണു താണെയിലെ ഷോറൂം വില.

മുന്‍മോഡലിനെ അപേക്ഷിച്ചു കൂടുതല്‍ നീളവും ഉയരവും നവീകരിച്ച ‘118 ഡി’ക്കുണ്ട്; 4,329 എം എമ്മാണു നീളം. വീതി 1,765 എം എമ്മും ഉയരം 1,440 എം എമ്മുമാണ്. മുന്‍ – പിന്‍ ഭാഗങ്ങള്‍ സമഗ്രമായി പൊളിച്ചുപണിഞ്ഞ ബി എം ഡബ്ല്യു മുന്നില്‍ പരമ്പരാഗതമായ, വീതിയേറിയ ഹെഡ് ലാംപും എല്‍ ഇ ഡി ഡേടൈം റണ്ണിങ് ലാംപും ഉണ്ട്.

പിന്നിലാവട്ടെ വീതിയേറിയ, പൂര്‍ണമായും എല്‍ ഇ ഡിയിലുള്ള ടെയില്‍ ലാംപ് ഘടിപ്പിച്ചു. ഒപ്പം പോര്‍ട്ടി ബംപറുകളും രംഗപ്രവേശം ചെയ്തു. മുന്‍ ‘വണ്‍ സീരീസി’ലെ ഡീസല്‍ എന്‍ജിനു പുതിയ കാറിലെത്തുമ്പോള്‍ കരുത്തേറുന്നുണ്ട്; 1,995 സി സി ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ പരമാവധി 148 ബി എച്ച് പി കരുത്താണു സൃഷ്ടിക്കുക. റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിന്റെ ട്രാന്‍സ്മിഷന്‍ എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണ്.

പരിഷ്‌കരിച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, പിയാനൊ ബ്ലാക്ക് നിറത്തിലുള്ള സെന്റര്‍ കണ്‍സോള്‍, റേഡിയോ -എയര്‍ വെന്റുകളില്‍ ക്രോം ഹൈലൈറ്റ്, ഡോര്‍ ഹാന്‍ഡിലില്‍ മാറ്റ് സില്‍വര്‍ അക്‌സന്റ് തുടങ്ങിയവയാണ് അകത്തളത്തിലെ മാറ്റങ്ങള്‍. സ്റ്റാന്‍ഡേഡ് വ്യവസ്ഥയില്‍ സിംഗിള്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ഓപ്ഷനലായി ഡ്യുവല്‍ സോണ്‍ സംവിധാനവുമാണു കാറിലുള്ളത്.

Top