2011 ലെ ഇന്ത്യയുടെ കളി കണ്ട് കരഞ്ഞുപോയി; ഓര്‍മകള്‍ പങ്ക് വച്ച് ജിങ്കാന്‍

2011 ഏഷ്യാ കപ്പിന്റെ ഓര്‍മകള്‍ പങ്ക് വച്ച് ജിങ്കാന്‍. ഇന്ത്യ ഏഷ്യാ കപ്പിനായ് തയ്യാറെടുക്കുന്ന വേളയിലാണ് ജിങ്കാന്റെ ഓര്‍മ പുതുക്കല്‍. 2011 ഏഷ്യാ കപ്പ് നടക്കുമ്പോള്‍ താന്‍ കുട്ടിയായിരുന്നു. എങ്കിലും എല്ലാ മത്സരങ്ങളും മുടങ്ങാതെ കാണുമായിരുന്നു. അന്ന് ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ നടന്ന മത്സരം കണ്ട് കരഞ്ഞ് പോയെന്നും ജിങ്കാന്‍ പറയുന്നു. ഇന്ത്യ 2011ല്‍ ബഹ്‌റൈനെതിരെ മികച്ച കളി ആയിരുന്നു കളിച്ചത്. എന്നിട്ടും പരാജയപ്പെട്ടു. അത് ഇന്ത്യ അര്‍ഹിച്ചിരുന്നില്ല എന്ന് തോന്നി എന്നും ജിങ്കാന്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്നത് യു എ ഇ ആയിരിക്കും. ആതിഥേയരായത് കൊണ്ട് തന്നെ അവര്‍ കൂടുതല്‍ ശക്തരായിരിക്കും. എന്നാല്‍ ഗ്രൂപ്പ് ഘട്ടം കടക്കുക എന്നത് അസാധ്യമായ കാര്യമല്ല. ഏതെങ്കിലും ടീം തങ്ങളെ വില കുറച്ചു കാണുകയോ അമിതാത്മവിശ്വാസം പുലര്‍ത്തുകയോ ചെയ്താല്‍ അത് മുതലെടുക്കാന്‍ ഇന്ത്യക്ക് ആകും എന്നും ജിങ്കാന്‍ പറയുന്നു. ഐക്യമാണ് ഇന്ത്യയുടെ ശക്തി. എതിരാളികള്‍ ആരായലും മത്സരം ദൃഢമാക്കാന്‍ തങ്ങളെ കൊണ്ട് കഴിയും എന്നും ജിങ്കാന്‍ പറഞ്ഞു. മറ്റന്നാള്‍ തായ്‌ലാന്റിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Top