2008 Mumbai terror attacks: Pakistan court issues notice to govt, 7 accused

ലാഹോര്‍: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ലഷ്‌കറെ തൊയ്ബ കമാന്‍ഡര്‍ സകിയുര്‍റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ ഏഴ് ഭീകരര്‍ക്ക് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി നോട്ടീസ് അയച്ചു.

തീവ്രവാദികള്‍ ഇന്ത്യയിലെത്താന്‍ ഉപയോഗിച്ച ബോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.

ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ പ്രോസിക്യൂഷനോടും കുറ്റാരോപിതരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കറാച്ചിയിലെ പോര്‍ട്ട് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന അല്‍ ഫൗസ് എന്ന ബോട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഈ മാസം 22 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇരുവിഭാഗങ്ങളും നിലപാട് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് ബോട്ട് പരിശോധിക്കാന്‍ അനുമതി നിഷേധിച്ച വിചാരണകോടതിയുടെ വിധി നേരത്തെ ഇസ്‌ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു.

2008 നവംബര്‍ 26 ന് മുംബൈ തീരത്ത് ആക്രമണത്തിനായി അല്‍ ഫൗസ് ബോട്ടിലാണ് 10 ലഷ്‌കര്‍ തീവ്രവാദികള്‍ ആയുധങ്ങളുമായി എത്തിയത്. ഇന്ത്യയിലെത്താന്‍ തീവ്രവാദികള്‍ അല്‍ ഫൗസ് ഉള്‍പ്പെടെ മൂന്ന് ബോട്ടുകള്‍ ഉപയോഗിച്ചെന്നാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.

മുബൈ ഭീകരാക്രമണ കേസില്‍ പാകിസ്താന്‍ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ലഷ്‌കറെ തേയിബ കമാന്‍ഡര്‍ ലഖ് വി, അബ്ദുള്‍ വാജിദ്, മസ്ഹര്‍ ഇക്ബാല്‍, ഹമദ് അമിന്‍ സാദിഖ്, ഷാഹിദ് ജമാല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനിസ് അന്‍ജും എന്നിവരെയാണ് പ്രോസിക്യൂഷന്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.

ആക്രമണത്തിന്റെ സൂത്രധാരനായ ലഖ് വി ഒളിവിലാണ്. മറ്റുള്ളവര്‍ ഇപ്പോള്‍ റാവല്‍പിണ്ടി ജയിലില്‍ കഴിയുകയാണ്.

Top