ചോര ചിതറിയ ആ കലാപ മനസ്സിനെയും കരളലിയിച്ച്‌ സി.പി.എമ്മിന്റെ സഹായം !

തേതര ഇന്ത്യക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവമാണ് 2002ലെ ഗുജറാത്ത് വംശഹത്യ. അതില്‍ ഒരിക്കലും മറക്കാത്ത രണ്ട് മുഖങ്ങളാണ് അശോക് മോച്ചിയുടെയും കുത്തുബുദ്ദീന്‍ അന്‍സാരിയുടെയും. ഒന്ന് ഭീകരതയുടേതായിരുന്നെങ്കില്‍ മറ്റൊന്ന് ദയനീയതയുടെതായിരുന്നു.

ഊരി പിടിച്ച വാളുമായി കലാപകാരികള്‍ക്കിടയില്‍ കലി തുള്ളുന്ന അശോക് മോച്ചിയുടെ മുഖം കാവി രാഷ്ട്രീയത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു. ഇവര്‍ക്കിടയില്‍പ്പെട്ട് ജീവനു വേണ്ടി യാചിക്കുന്ന കുത്തുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം ഇന്നും ഒരു നൊമ്പരമാണ്.’ ആക്രമിക്കരുത് എന്ന് കേണപേക്ഷിക്കുന്ന ആംഗ്യവുമായി കൈ കൂപ്പി കണ്ണുകളില്‍ ഭീതി നിറച്ച് നില്‍ക്കുന്ന ഈ ചിത്രം
ഗുജറാത്ത് കലാപത്തിന്റെ ഐക്കണിക്ക് ഫോട്ടോയായാണ് അറിയപ്പെടുന്നത്.

പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത കുത്തുബുദ്ദീന്‍ അന്‍സാരിക്ക് അന്ന് അഭയം നല്‍കിയിരുന്നത് പശ്ചിമ ബംഗാളിലെ ജേതി ബസു സര്‍ക്കാറായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് ഗുജറാത്തിലെത്തി ഇപ്പോള്‍ അവിടെ തുന്നല്‍ക്കാരനായി ജോലി ചെയ്ത് വരികയാണ് അന്‍സാരി .

ചുവപ്പിന്റെ സംരക്ഷണം അന്‍സാരിയെ ചുവപ്പ് പ്രത്യയ ശാസ്ത്രത്തോടുള്ള അടുപ്പത്തിലാണ് കൊണ്ടെത്തിച്ചത്. കലാപ നാളില്‍ ഉറഞ്ഞ് തുള്ളി താണ്ഡവമാടിയ അശോക് മോച്ചിയില്‍ മനസ്ഥാപം ഉണ്ടാക്കിയതും ചെങ്കൊടി പ്രസ്ഥാനമാണ്. ശൂലം പിടിച്ച് തലയില്‍ കാവി ബാന്‍ഡുമായി ആക്രോശിച്ച് നില്‍ക്കുന്ന മോച്ചിക്ക് ഇപ്പോള്‍ കഴിഞ്ഞതെല്ലാം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്. ശക്തിയില്ലാത്ത ഗുജറാത്തില്‍ പോലും ഈ കലാപകാരിയെ തിരുത്താനും നേരായ വഴിക്ക് നയിക്കാനും സി.പി.എമ്മിന് കഴിഞ്ഞത് നിസ്സാര കാര്യമല്ല.

ഗുജറാത്ത് കലാപത്തിലെ ഇരയും വേട്ടക്കാരനും ഒരുമിച്ച് കേരളത്തിലടക്കം സി.പി.എം പരിപാടികളില്‍ പങ്കെടുക്കുന്ന അപൂര്‍വ്വതയും അടുത്ത കാലത്തുണ്ടായി. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണിപ്പോള്‍ അന്‍സാരിയും മോച്ചിയും. അശോക് മോച്ചിയെ തിരുത്തുക മാത്രമല്ല, അദ്ദേഹത്തിന് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയതും സിപിഎം ആണ്. പാര്‍ട്ടി നല്‍കിയ പണംകൊണ്ട് മോച്ചി ആരംഭിച്ച ചെരിപ്പുകട ഉദ്ഘാടനം ചെയ്തതാകട്ടെ കുത്തുബുദ്ദീന്‍ അന്‍സാരി തന്നെയായിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി അഹമ്മദാബാദിലെ ഡല്‍ഹി ദര്‍വാസയ്ക്ക് സമീപം ചെരിപ്പു തുന്നിയാണ് അശോക് മോച്ചി ജീവിച്ചിരുന്നത്.’ഏകതാ ചപ്പല്‍ ഘര്‍’ എന്ന പേരിലാണ് പുതിയ കടയിപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

ഇരക്ക് സംരക്ഷണമൊരുക്കിയവര്‍ വേട്ടക്കാരനെ തിരുത്തി ജീവിതമാര്‍ഗ്ഗം നല്‍കിയതും അഭിനന്തനാര്‍ഹമായ കാര്യം തന്നെയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അനേകം പേരാണ് ഇതിനകം തന്നെ രാജ്യത്ത് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ എവിടെ പരിശോധിച്ചാലും കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും നിരപരാധികള്‍ മാത്രമാണ്. ഒരു കലാപവും ഏകപക്ഷീയമായ നഷ്ടങ്ങളല്ല ഉണ്ടാക്കുന്നത്. എല്ലാ ഭാഗത്തും നഷ്ടങ്ങളുണ്ടാക്കി ഒടുവില്‍ അത് രാജ്യത്തിന്റെ പൊതു നഷ്ടവും കണ്ണീരുമായാണ് മാറാറുള്ളത്.

കലാപത്തിന് തിരി കൊളുത്തുന്നവര്‍ അവര്‍ പിറന്ന ഈ നാടിനാണ് തിരികൊളുത്തുന്നത് എന്നതാണിവിടെ തിരിച്ചറിയാതെ പോകുന്നത്. അശോക് മോച്ചിയെ പോലെ വൈകാരികമായി പ്രതികരിക്കുന്നവര്‍ എല്ലാ സമുദായങ്ങളിലുമുണ്ട്. അത്തരക്കാരില്‍ ചിലരെയെങ്കിലും തിരുത്തിക്കാന്‍ മോച്ചിയുടെ ഈ മനംമാറ്റവും വഴിയൊരുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ജാതിക്കും മതത്തിനും മീതെ മനുഷ്യരുടെ ജീവിതത്തെ കാണുന്നവരാണ് കമ്യൂണിസ്റ്റുകള്‍. ആ പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടാണ് അന്‍സാരിയെയും മോച്ചിയെയും സ്വാധീനിക്കാന്‍ വഴി ഒരുക്കിയിരിക്കുന്നത്.

ചെങ്കൊടി പ്രസ്ഥാനത്തിന് വേരുകള്‍ ഇല്ലാത്ത ഗുജറാത്തില്‍ കമ്യൂണിസ്റ്റുകളുടെ നന്മകള്‍ അനുഭവിച്ചറിഞ്ഞ ഈ രണ്ടു പേര്‍ ഇന്നിപ്പോള്‍ ഒരു വലിയ സന്ദേശമാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങളും ജാതി – മത സ്പര്‍ദ്ധകളും വീണ്ടും രാജ്യത്ത് തലപൊക്കുന്ന സാഹചര്യത്തില്‍ മോച്ചിയെ കണ്ടുപഠിക്കാനാണ് കലാപ മനസ്സുകളും ഇനിയെങ്കിലും തയ്യാറാവേണ്ടത്.

Political Reporter

Top