രണ്ടായിരത്തിന്റെ നോട്ട് കണിക്കാണാനില്ല; കേരളത്തില്‍ നോട്ടുക്ഷാമമില്ലെന്ന് ആര്‍ബിഐ

2000

തിരുവനന്തപുരം: കേരളത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാനത്ത് നോട്ടു ക്ഷാമം ഇല്ലെന്ന നിലപാടിലാണ് റിസര്‍വ് ബാങ്കുകളും മറ്റു ബാങ്കുകളും അഭിപ്രായപ്പെടുന്നത്.

കേരളത്തിനാവശ്യമുള്ള നോട്ട് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് എത്തുന്നത്. ഇവിടെ നിന്നാണ് വിവിധ ബാങ്കുകളിലേക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍, തിരുവനന്തപുരത്തേക്ക് രണ്ടായിരത്തിന്റെ നോട്ട് കുറേക്കാലമായി എത്തുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ തന്നെ പറയുന്നു.

രണ്ടായിരത്തിന്റെ നോട്ട് ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ അതിനുതുല്യം ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ വേണ്ടിവരും. ഇപ്പോള്‍ നോട്ടുക്ഷാമം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം രണ്ടായിരത്തിന്റെ നോട്ടിന്റെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

കേരളത്തില്‍ ഇപ്പോള്‍ നോട്ടിന്റെ ലഭ്യതയില്‍ ഒരു കുറവുമില്ലെന്നാണ് റിസര്‍വ് ബാങ്ക് സംസ്ഥാന ധനവകുപ്പിനെ അറിയിച്ചിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ നോട്ടു ക്ഷാമം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ധനവകുപ്പ് റിസര്‍വ് ബാങ്കിനോട് കേരളത്തിലെ സ്ഥിതിയെപ്പറ്റി അന്വേഷിച്ചിരുന്നു. നോട്ടുക്ഷാമം കേരളത്തിലെ ബാങ്കുകളെ ബാധിച്ചിട്ടില്ലെന്നാണ് സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെയും വിലയിരുത്തല്‍.

നോട്ട് ആവശ്യത്തിനുള്ള സംസ്ഥാനങ്ങളില്‍നിന്ന് ക്ഷാമമുള്ള സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന പതിവ് റിസര്‍വ് ബാങ്കിനുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് രൂക്ഷമായ നോട്ടുക്ഷാമം അനുഭവിച്ച കാലത്ത് കേരളത്തിലേക്ക് നല്‍കേണ്ടവ മറ്റു സംസ്ഥാനങ്ങളിലേക്ക് അയച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇത്തവണ കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് നോട്ടുകള്‍ മാറ്റിയോ എന്ന് ധനവകുപ്പ് റിസര്‍വ് ബാങ്കിനോട് ചോദിച്ചിരുന്നു. അങ്ങനെ ചെയ്തിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് മറുപടിനല്‍കിയതായും ധനവകുപ്പ് അധികൃതര്‍ പറഞ്ഞു

Top