2000 rs-driver escaped

hawala transaction

ബംഗളൂരു: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പുതിയ 2000 രൂപ കറന്‍സികളുമായി കരാര്‍ വാഹന ഡ്രൈവര്‍ മുങ്ങി. 1.37 കോടി രൂപയാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഉച്ചയോടെ പണവുമായി പോയ ഡ്രൈവറെ കാണാനില്ലെന്നു കാണിച്ച് ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഡൊമിനിക് റോയ് എന്ന 40 കാരനാണ് പണം നിറച്ച വാനുമായി കടന്നു കളഞ്ഞത്. ഇന്നലെ ഉച്ചമുതല്‍ കാണാതായ ഡൊമിനികിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സെക്യൂര്‍ ട്രാന്‍സിസ്റ്റ് എന്ന സ്ഥാപനത്തിനാണ് എടിഎമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം കൊണ്ടു പോകുന്ന ചുമതല. ഇവിടെ ഈമാസം ഒന്നാം തിയ്യതിയാണ് ഡൊമിനിക് ജോലിക്കു കയറിയത്.

ഇന്നലെ 1.30 നും 1.45 നും ഇടയില്‍ ഇയാളെ കാണാതായെന്നു കാണിച്ച് മാനേജര്‍ എസ്.ശിവകുമാര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട് അരിച്ചു പെറുക്കിയെങ്കിലും പൊലീസിനു ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മൂന്നു സംഘങ്ങളായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് വാഹനം ട്രേസ് ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിഭാഗവും തെരച്ചില്‍ സംഘത്തിലുണ്ട്.

വാഹനത്തില്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ നല്‍കിയ പുതിയ 2000 ന്റെയും പഴയ നൂറിന്റെയും നോട്ടുകള്‍ക്ക് പുറമേ പഴയ നോട്ട് മാറാനായി നല്‍കിയ 1000 രൂപാ നോട്ടും ഇതില്‍ ഉണ്ട്.

Top