രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 200 കടന്നു; മുന്നില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും

ന്യൂഡല്‍ഹി: രാജ്യത്ത് 200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. 77 പേര്‍ സുഖം പ്രാപിക്കുകയോ മറ്റു രാജ്യങ്ങളിലേക്ക് പോകുകയോ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 54 വീതം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ 20, കര്‍ണാടകയില്‍ 19, രാജസ്ഥാന്‍ 18, കേരള 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നതില്‍ ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ 5326 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 453 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. അടുത്ത രണ്ടുമാസത്തിനുള്ളില്‍ വാക്‌സിന്‍ നിര്‍മാണ ശേഷി പ്രതിമാസം 45 കോടി ഡോസുകളായി വര്‍ധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍ ഓക്‌സിജനും മരുന്നും ആവശ്യത്തിന് കരുതലുണ്ടെന്നും സംസ്ഥാനങ്ങള്‍ക്ക് 48,000 വെന്റിലേറ്ററുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

ആഗോളതലത്തില്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. നെതര്‍ലന്റ്‌സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

Top