200 കോടിയുടെ തട്ടിപ്പ്; നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: ബിസിനസുകാരന്റെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തു കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഡല്‍ഹി കോടതി ഒക്ടോബര്‍ 23 വരെ നീട്ടി. കുറ്റകൃത്യത്തില്‍ ലീനയ്ക്കു സജീവ പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണു നടപടി.

‘കുറ്റകൃത്യത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഗുണഭോക്താവ് മാത്രമല്ല, മുഖ്യപ്രതിയും ഭര്‍ത്താവുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പം കുറ്റകൃത്യത്തിലും ലീനയ്ക്കു സജീവ പങ്കാളിത്തമുണ്ട്’- ഇഡി ചൂണ്ടിക്കാട്ടി. പണം എങ്ങനെ, എവിടെനിന്നു വന്നു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചില്ലെങ്കില്‍ കേസന്വേഷണം തണുത്തുപോകുമെന്നും ഇഡി പറഞ്ഞു.

കസ്റ്റഡിയിലും ചോദ്യം ചെയ്യലിലും ലീനയ്ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ കൃത്യമായ അകലം ഉറപ്പാക്കാന്‍ ശ്രദ്ധിക്കും. ലീനയുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുണ്ട്. ജോണ്‍ എബ്രഹാം അഭിനയിച്ച മദ്രാസ് കഫെ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലീന, കുറ്റകൃത്യത്തിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നുവെന്നും ഇഡി ആരോപിച്ചു.

ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ ദമ്പതികള്‍ വഞ്ചിച്ചെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാള്‍, ജയിലിലായിരുന്ന തന്റെ ഭര്‍ത്താവിനു ജാമ്യം ഉറപ്പാക്കാമെന്നു വാഗ്ദാനം ചെയ്തു പണം ചോദിച്ചെന്ന് ഡല്‍ഹി പൊലീസില്‍ അദിതി പരാതി നല്‍കിയിരുന്നു. 2019ല്‍ റെലിഗെയര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിലെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണു ശിവിന്ദര്‍ അറസ്റ്റിലായത്.

 

Top