കശ്മീരുമായി ബന്ധപ്പെട്ട് വ്യാജ റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാനെതിരെ നടപടി ശക്തമാക്കി സോഷ്യല്‍മീഡിയ

ശ്മീരിനെക്കുറിച്ച് വ്യാജ റിപ്പോര്‍ട്ടുകള്‍ ഷെയര്‍ ചെയ്ത പാക്കിസ്ഥാനികള്‍ക്കെതിര സോഷ്യല്‍മീഡിയ സര്‍വീസുകള്‍ രംഗത്ത്. ഇതിനെതിരെ കര്‍ശന നടപടികളാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. പാക്ക് മാധ്യമം ഡോണിന്റെ റിപ്പോര്‍ട്ട് പ്രകാരം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ 200 പാക്ക് അക്കൗണ്ടുകള്‍ പൂട്ടിയെന്നാണ് വിവരം.

കഴിഞ്ഞ ഒരാഴ്ചയായി കശ്മീരിനെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് ചെയ്ത അക്കൗണ്ടുകള്‍ വിലക്കിയതായാണ് പാക്കിസ്ഥാനികള്‍ ആരോപിക്കുന്നത്. എന്നാല്‍ വ്യാജ പോസ്റ്റുകള്‍ വ്യാപകമായതോടെയാണ് അക്കൗണ്ടുകള്‍ നീക്കിയതെന്നാണ് ട്വിറ്ററിന്റെ വാദം. കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍, സാധാരണക്കാര്‍ എന്നിവരുടെ എല്ലാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതില്‍ ഉള്‍പ്പെടും. ട്വിറ്ററില്‍ #StopSuspendingPakistanis എന്ന ടാഗില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

കശ്മീരിനെ പിന്തുണച്ച് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി (പിടിഎ) തിങ്കളാഴ്ച ട്വിറ്ററിന്റെ പ്രാദേശിക ഓഫിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top