200കോടി ജനങ്ങള്‍ക്കുള്ള ഭക്ഷണം ലോകം പാഴാക്കുന്നു: യു.എന്‍

യൂനൈറ്റഡ് നേഷന്‍സ്: ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ കോടിക്കണക്കിനു പേര്‍ ഒരു നേരത്തേ ഭക്ഷണം പോലും ലഭിക്കാതെ വിശന്നൊട്ടിയ വയറുമായി ജീവിതം തള്ളിനീക്കുമ്പോള്‍ വികസിത- വികസ്വര രാജ്യങ്ങളും അവിടങ്ങളിലെ സമ്പന്നരും 200 കോടി ജനങ്ങളെ ഊട്ടാവുന്ന ഭക്ഷണം ദിവസവും പാഴാക്കുന്നതായി യു.എന്‍. ഭക്ഷ്യ കാര്‍ഷിക സംഘടന വ്യക്തമാക്കി.

നിസ്സാര കാരണങ്ങളുടെ പേരില്‍ 130 കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ലോകം പാഴാക്കുന്നത്. മൊത്തം ഉല്‍പ്പാദനത്തിന്റെ 30 ശതമാനം വരും അനാവശ്യമായി പാഴാക്കുന്ന ഭക്ഷ്യവസ്തുക്കള്‍. പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങുകള്‍ എന്നിവയുടെ 40 ശതമാനവും എണ്ണക്കുരുകളുടെ 20 ശതമാനവും മതിയായ സംസ്‌ക്കരണ സംവിധാനങ്ങളില്ലാതെ പാഴാവുമ്പോള്‍ കടല്‍മല്‍സ്യങ്ങളുടെ 35 ശതമാനവും ബോധപൂര്‍വം കളയുകയോ നഷ്ടമാവുകയോ ചെയ്യുകയാണെന്ന് യു.എന്‍. പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വികസിത രാജ്യങ്ങളുടെയത്ര വരില്ലെങ്കിലും വികസ്വര രാജ്യങ്ങളും ഭക്ഷണം പാഴാക്കുന്നതില്‍ പിന്നിലല്ലെന്ന് പഠനം വ്യക്തമാക്കുന്നു. പഴകിയതെന്നു മുദ്രകുത്തിയാണ് വികസിത രാജ്യങ്ങള്‍ വേണെ്ടന്നുവയ്ക്കുന്നത്. അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം സൂക്ഷിക്കാനാവാതെ ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളാണ് വികസ്വര രാജ്യങ്ങളില്‍ നശിക്കുന്നത്.

Top