ഇരുപത് വര്‍ഷത്തിലധികമായി ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി

തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലധികമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. തമിഴ്നാട് തക്കല തൃക്കോല്‍വട്ടം സ്വദേശിയും ആറ്റിങ്ങല്‍ ബിടിഎസ് റോഡില്‍ സുബ്രഹ്മണ്യവിലാസത്തില്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന വിളിപ്പേരുള്ള ബിജു(50) വിനെയാണ് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ സംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി കേസുകളില്‍  ഇയാളെ പിടികിട്ടാപുള്ളിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ മേല്‍വിലാസം ഉപയോഗിച്ച് കരസ്ഥമാക്കിയ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍, ദില്ലി, മുംബൈ എയര്‍പോര്‍ട്ടുകള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്ന് പോയിരുന്നുവെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. ബാംഗ്ലൂരിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി ഒളിവില്‍ താമസിച്ചിരുന്നു. വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

Top