പ്രണയാഭ്യര്‍ത്ഥന നിരസിച്ച 20കാരിയെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 20കാരിയെ താംബരം റെയില്‍വെ സ്റ്റേഷന് സമീപത്തുവച്ച് യുവാവ് കുത്തിക്കൊന്നു. മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ശ്വേതയെയാണ് കൊലപ്പെടുത്തിയത്. 23 കാരനായ രാമചന്ദ്രനാണ് തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ശ്വേതയെ കൊലപ്പെടുത്തിയത്. ശ്വേതയെ കുത്തിയ ശേഷം തന്റെ കഴുത്തില്‍ കുത്തി രാമചന്ദ്രന്‍ ആത്മഹത്യക്ക് ശ്രമിച്ചു.

പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷമായി പരിചയമുള്ളവരായിരുന്നു ഇരുവരുമെന്നും ഒരുമിച്ചാണ് ട്രെയിനില്‍ യാത്ര ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.

കൊലപാതകം നടക്കുന്ന അന്ന് രാമചന്ദ്രനോട് പിണങ്ങി ശ്വേത, താംബരം റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി. ഒപ്പമിറങ്ങിയ രാമചന്ദ്രന്‍ ശ്വേതയുടെ പിന്നാലെയെത്തി, ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. ഉടന്‍ പോക്കറ്റിലിരുന്ന കത്തിയെടുത്ത് ഇയാള്‍ ശ്വേതയെ കുത്തുകയായിരുന്നു.

 

Top