കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎമ്മില്‍ നിന്നും 12 പേര്‍ ബിജെപിയിലെത്തും; ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ നിന്നു മാത്രമല്ല, സിപിഎമ്മില്‍ നിന്നും നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന 12 സി.പി.എം – കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം കൈമാറിയിട്ടുണ്ട്. നാളെ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും. എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിലേക്കു വരണമെന്നാവശ്യപ്പെട്ടാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.ലോറന്‍സിന്റെ കുടുംബത്തിലെ കുറേ അംഗങ്ങള്‍ പാര്‍ട്ടിയിലേക്കെത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എല്ലാ വര്‍ഷവും അഞ്ച് കോടിയിലേറെ പേര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. കോടതി വിധിക്ക് പകരം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top